ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടേയും ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയെ അനുഗമിച്ച് ഡല്‍ഹിയിലെ പൗരാവലി. അമര്‍ രഹേ വിളികളോടെ യുവാക്കള്‍ അടക്കം വന്‍ ജനക്കൂട്ടമാണ് വിലാപയാത്രയ്‌ക്കൊപ്പം ചേര്‍ന്നത്. വഴിനീളെ ജനറലിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു.
ഡല്‍ഹി ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് 4.45 നാണ് സംസ്‌കാരം. റാവത്തിന് ആദരമര്‍പ്പിച്ച് 17 ഗണ്‍ സല്യൂട്ട് അടക്കം നടക്കും. ആയിരക്കണക്കിന് ജനങ്ങളാണ് വിലാപയാത്ര പോകുന്ന വഴിയില്‍ സൈനിക മേധാവിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്. കാംരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍, പ്രമുഖരും സാധാരണക്കാരും അടക്കം ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ, കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല, മുന്‍ കരസേനാ മേധാവിയും കേന്ദ്രമന്ത്രിയുമായ വി കെ സിങ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കര്‍ഷക സമര സംഘടന നേതാവ് രാകേഷ് ടിക്കായത്ത്, രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത എംപിമാര്‍, കരസേനാ മേധാവി ജനറല്‍ എം എം നാരാവ്‌നെ, വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി, നാവികസേന മേധാവി അഡിമിറല്‍ ആര്‍ ഹരികുമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അയല്‍സേനാ മേധാവിമാരും
അയല്‍ രാജ്യങ്ങളായ ശ്രീലങ്കയുടെ സംയുക്തസേനാ മേധാവി ജനറല്‍ ഷാവേന്ദ്ര സില്‍വ, ലങ്കന്‍ മുന്‍ സംയുക്ത സേനാ മേധാവിയും ബിപിന്‍ റാവത്തിന്റെ സുഹൃത്തും സഹപാഠിയുമായ അഡ്മിറല്‍ രവീന്ദ്ര ചന്ദ്രസിരി വിജെഗുണരത്‌നെ, റോയല്‍ ഭൂട്ടാന്‍ ആര്‍മി ഡെപ്യൂട്ടി ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ബ്രിഗേഡിയര്‍ ദോര്‍ജി റിന്‍ചെന്‍, നേപ്പാള്‍ കരസേനാ മേധാവി സുപ്രോബല്‍ ജനസേവാശ്രീ ലെഫ്റ്റനന്റ് ജനറല്‍ ബാല്‍ കൃഷ്ണ കര്‍കി, ബംഗ്ലാദേശ് സേനാ പ്രിന്‍സിപ്പല്‍ സ്റ്റാഫ് ഓഫീസര്‍ ലെഫ്റ്റനന്റ് ജനറല്‍ വാകര്‍ ഉസ് സമാന്‍ എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ
രാവിലെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, എ കെ ആന്റണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഹരീഷ് റാവത്ത്, ഡിഎംകെ നേതാക്കളായ കനിമൊഴി, എ രാജ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രതിനിധി ഇമ്മാനുവല്‍ ലെന്യന്‍, ഇസ്രായേല്‍ പ്രതിനിധി നോര്‍ ഗിലോണ്‍ തുടങ്ങിയവരും ജനറല്‍ റാവത്തിനും ഭാര്യ മധുലികയ്ക്കും അന്തിമോപചാരം അര്‍പ്പിച്ചു. ഇവരെ കൂടാതെ പൊലീസ്, സൈനിക ഉദ്യോഗസ്ഥരും പൊതുജനങ്ങളും അടക്കം നിരവധി ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
