60 വയസ് കഴിഞ്ഞവരാണോ?, ബൂസ്റ്റര്‍ ഡോസ് ലഭിക്കാന്‍ ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th December 2021 04:20 PM |
Last Updated: 26th December 2021 04:20 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: 60 വയസ് കഴിഞ്ഞ, ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും കോവിന്‍ പ്ലാറ്റ്‌ഫോമിന്റെ ചുമതലക്കാരനുമായ ഡോ ആര്‍ എസ് ശര്‍മ്മ. കഴിഞ്ഞദിവസം രാത്രിയാണ് 60 വയസ് കഴിഞ്ഞ, ഗുരുതര രോഗങ്ങള്‍ അലട്ടുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്.
ജനുവരി പത്തുമുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60 വയസ് കഴിഞ്ഞ, ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് തീരുമാനം. ഗുരുതര രോഗം അലട്ടുന്നുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 45നും 59നും ഇടയില്‍ പ്രായമുള്ളവരില്‍ ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കിയ മാതൃകയാണ് ഇതില്‍ പിന്തുടരുക എന്ന് ആര്‍ എസ് ശര്‍മ്മ അറിയിച്ചു.
പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍ തുടങ്ങി 20 ഗുരുതര രോഗങ്ങളാണ് സര്‍ക്കാരിന്റെ പട്ടികയിലുള്ളത്. ഈ രോഗങ്ങള്‍ ബാധിച്ചവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക. അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷ്യനര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. ഇത് കോവിനില്‍ അപ്‌ലോഡ് ചെയ്യുകയോ വാക്‌സിനെടുക്കാന്‍ വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതുകയോ വേണമെന്നും ആര്‍ എശ് ശര്‍മ്മ അറിയിച്ചു.
രാജ്യത്ത് 13 കോടി പേര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് ലഭിക്കുക. 2011ലെ സെന്‍സെസ് പ്രകാരം 60 വയസിന് മുകളില്‍ പ്രായമുള്ള 13.79 കോടി ജനങ്ങള്‍ രാജ്യത്തുണ്ട്. ഇതില്‍ പത്തുകോടി ആളുകള്‍ മറ്റു ഗുരുതരരോഗങ്ങള്‍ നേരിടുന്നവരാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം ബൂസ്റ്റര്‍ഡോസ് നല്‍കുക എന്നാണ് മോദി പ്രഖ്യാപിച്ചത്. ഇവര്‍ രാജ്യത്ത് ഒരു കോടി വരും. ഇതിന് പുറമേ മുന്നണിപ്പോരാളികളെ കൂടി ഉള്‍പ്പെടുത്തുന്നതോടെ ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നവരുടെ എണ്ണം മൂന്ന് കോടി വരും. അങ്ങനയെങ്കില്‍ ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കുക 13 കോടി ആളുകള്‍ക്ക് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
15നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ വാക്‌സിന്‍ കൊടുത്തു തുടങ്ങും. ഈ പ്രായപരിധിയില്‍ വരുന്ന 7.4 കോടി കുട്ടികളാണ് വാക്‌സിന് അര്‍ഹത നേടിയത്. ഇതോടെ 20 കോടി വാക്‌സിനാണ് ഉടന്‍ നല്‍കാന്‍ പോകുന്നത്. ക്രിസ്മസ് ദിവസത്തിലാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യം മോദി പ്രഖ്യാപിച്ചത്.