ബൂസ്റ്റര്‍ ഡോസ് ലഭിക്കുക 13 കോടി പേര്‍ക്ക്, 15നും 18നും ഇടയില്‍ 7.4 കോടി കുട്ടികള്‍; ആദ്യഘട്ടം ഇങ്ങനെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th December 2021 12:02 PM  |  

Last Updated: 26th December 2021 12:05 PM  |   A+A-   |  

COVID VACCINATION IN india

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി:  രാജ്യത്ത് കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെ, ബൂസ്റ്റര്‍ ഡോസ് ലഭിക്കുക 13 കോടി പേര്‍ക്ക്. 2011ലെ സെന്‍സെസ് പ്രകാരം 60 വയസിന് മുകളില്‍ പ്രായമുള്ള 13.79 കോടി ജനങ്ങള്‍ രാജ്യത്തുണ്ട്. ഇതില്‍ പത്തുകോടി ആളുകള്‍ മറ്റു ഗുരുതരരോഗങ്ങള്‍ നേരിടുന്നവരാണ്. 

ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം ബൂസ്റ്റര്‍ഡോസ് നല്‍കുക എന്നാണ് മോദി പ്രഖ്യാപിച്ചത്. ഇവര്‍ രാജ്യത്ത് ഒരു കോടി വരും. ഇതിന് പുറമേ മുന്നണിപ്പോരാളികളെ കൂടി ഉള്‍പ്പെടുത്തുന്നതോടെ ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നവരുടെ എണ്ണം മൂന്ന് കോടി വരും. അങ്ങനയെങ്കില്‍ ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കുക 13 കോടി ആളുകള്‍ക്ക് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

15നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ വാക്‌സിന്‍ കൊടുത്തു തുടങ്ങും. ഈ പ്രായപരിധിയില്‍ വരുന്ന 7.4 കോടി കുട്ടികളാണ് വാക്‌സിന് അര്‍ഹത നേടിയത്. ഇതോടെ 20 കോടി വാക്‌സിനാണ് ഉടന്‍ നല്‍കാന്‍ പോകുന്നത്. ക്രിസ്മസ് ദിവസത്തിലാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യം മോദി പ്രഖ്യാപിച്ചത്.