ഒമൈക്രോൺ പ്രതിരോധശേഷി മറികടക്കുമെന്ന് മുന്നറിയിപ്പ്; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

രാജ്യത്ത് ഒമൈക്രോണിന്റെ അതിവേഗവ്യാപനത്തിനു കാരണം പ്രതിരോധശേഷി മറികടക്കാനുള്ള കഴിവാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമൈക്രോണിന് പ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവുണ്ടെന്ന് 
ഇന്ത്യയിലെ പരിശോധനാ ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗ്. രാജ്യത്ത് ഒമൈക്രോണിന്റെ അതിവേഗവ്യാപനത്തിനു കാരണം പ്രതിരോധശേഷി മറികടക്കാനുള്ള കഴിവാണ്. ഇതേക്കുറിച്ച് വ്യക്തമായ തെളിവുലഭിച്ചതായി ഇൻസാകോ​ഗ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാജ്യത്ത് 21 സംസ്ഥാനങ്ങളിലായി ഒമൈക്രോൺ ബാധിതരുടെ എണ്ണം 781 ആയി. ഡൽഹിയിലാണ്  ഏറ്റവും കൂടുതൽ രോ​ഗബാധിതർ. 238 പേർക്കാണ് ഡൽഹിയിൽ രോ​ഗം കണ്ടെത്തിയത്. ഡൽഹിയിൽ രോഗികളുടെ എണ്ണത്തിൽ വൻവർധനയാണ് റിപ്പോർട്ടുചെയ്യുന്നത്. ബുധനാഴ്ചമാത്രം 73 കേസുകളുണ്ടായി. മഹാരാഷ്ട്ര (167), ഗുജറാത്ത് (73), കേരളം (65), തെലങ്കാന (62) എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലുണ്ട്. 

സായുധസേനാംഗങ്ങൾക്കും കരുതൽ വാക്സിൻ

സി ആർ പി എഫ്., ബി എസ് എഫ്., സി ഐ എസ് എഫ്., ഐടിബിപി, എസ്എസ്ബി തുടങ്ങി കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങൾക്കും ജനുവരി 10 മുതൽ മുൻകരുതൽ വാക്സിൻ നൽകും. ഇവർക്കുപുറമേ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, മുൻനിരപ്പോരാളികൾ, അനുബന്ധരോഗങ്ങളുള്ള അറുപതു പിന്നിട്ടവർ എന്നിവർക്കും 10 മുതൽ വാക്സിൻ നൽകുന്നുണ്ട്. 15-18നും ഇടയിലുള്ള കുട്ടികളുടെ വാക്സിനേഷൻ ജനുവരി മൂന്നിന് ആരംഭിക്കും.

ഒമൈക്രോൺ ബാധിതരുടെ എണ്ണം ഉയരുന്നു

ലോകത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം ഉയരുകയാണ്.  വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഒമൈക്രോൺ ബാധിക്കുന്നുണ്ട്. എന്നാൽ വാക്സിൻ എടുത്തവർക്ക് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. ഇത് ശുഭ സൂചനയാണെന്ന് ലോകാരോ​ഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.  

വാക്സിനുകളുടെ ഫലപ്രാപ്തി പലഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. വാക്സിനുകളുടെ മേന്മ, വൈറസ് ബാധിതരുടെ ശാരീരികമായ അവസ്ഥകൾ ( പ്രായമായവർ, ​ഗുരുതര അസുഖങ്ങൾ)  തുടങ്ങിയവ ആശ്രയിച്ചിരിക്കുമെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com