ചെരുപ്പിനും തുണിക്കും വില കൂടുമോ? ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st December 2021 09:03 AM |
Last Updated: 31st December 2021 09:04 AM | A+A A- |

നിര്‍മല സീതാരാമന്‍/ഫയല്‍
ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഡൽഹിയിൽ ചേരും. അടിയന്തരമായി വിളിച്ച് ചേർത്ത ജിഎസ്ടി കൗൺസിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ വിഗ്യാൻ ഭവനിലാണ് ചേരുക. 46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണിത്. ചെരുപ്പുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് വർദ്ധിപ്പിച്ച നികുതി ജിഎസ്ടി കൗൺസിൽ പുനഃപരിശോധിച്ചേക്കുമെന്നാണ് വിവരം.
ചെരുപ്പുകൾക്കും വസ്ത്രങ്ങൾക്കും വർദ്ധിപ്പിച്ച 12 ശതമാനം നികുതി പുതുവർഷമായ നാളെ മുതൽ നിലവിൽ വരാനിരിക്കെയാണ് ജിഎസ്ടി കൗൺസിൽ ചേരുന്നത്. നികുതി 12 ശതമാനമായി വർദ്ധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. വർദ്ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടുമെന്നതിനാൽ പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികളുടെ വാദം.
എതിർപ്പുമായി ബിജെപി സംസ്ഥാനങ്ങളും
തുണിത്തരങ്ങൾക്കും ചെരിപ്പുകൾക്കും ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം ധനമന്ത്രിമാരുടെ യോഗത്തിൽ ഗുജറാത്ത് ഉൾപ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും എതിർത്തിരുന്നു. ബംഗാൾ, ഡൽഹി, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളും എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
ജിഎസ്ടി വർധന നടപ്പായാൽ നാളെ മുതൽ വില കൂടും. അഞ്ചുസംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പു കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വിലവർധന ഒഴിവാക്കാനാണ് ആലോചന. അതിനാൽ തീരുമാനം പുനഃപരിശോധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ജിഎസ്ടി നഷ്ടപരിഹാരം എത്രയും വേഗം ലഭ്യമാക്കണമെന്നും നഷ്ടപരിഹാര കാലാവധി അഞ്ച് വർഷത്തേയ്ക്ക് കൂടി നീട്ടണമെന്നും കൗൺസിൽ യോഗത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെടും.