മണിപ്പൂര്‍ ആക്രമണത്തിന് പിന്നില്‍ 'പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി'യെന്ന് സൂചന; സൈനികരുടെ ജീവത്യാഗം രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2021 07:40 PM  |  

Last Updated: 13th November 2021 07:40 PM  |   A+A-   |  

manipur_attack

ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെ എയര്‍ലിഫ്റ്റ് ചെയ്യുന്നു,കൊല്ലപ്പെട്ട കേണല്‍ ത്രിപാഠി


ണിപ്പൂരില്‍ അസം റൈഫിള്‍സിലെ കമാന്‍ഡിങ് ഓഫീസര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നില്‍ വിഘടനവാദ ഗ്രൂപ്പായ 'പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി'യാണെന്ന് സൂചന.  എന്നാല്‍ ആക്രണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സൈനികര്‍ക്ക് നേരെ ആക്രമണം നടന്നത്. 

46 അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലബ് ത്രിപാഠിയും ഭാര്യയും മകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വാഹനവ്യൂഹത്തിലുണ്ടായിരുന്ന നാല് സൈനികരും കൊല്ലപ്പെട്ടു. 

ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി ട്വിറ്ററില്‍ കുറിച്ചു. സൈനികരുടെ ജീവത്യാഗം രാജ്യം മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്താണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി? 

മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്-മാവോയിസ്റ്റ് തത്വങ്ങള്‍ പിന്തുടരുന്ന വിഘടനവാദ ഗ്രൂപ്പാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി. 1978ല്‍ സ്ഥാപിതമായ ഈ സംഘടന, മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നു. അസം, മേഘാലയ, നാഗാലാന്റ്, ത്രിപുര എന്നിവിടങ്ങളിലെ വിഘടനവാദികളെയും ഇവര്‍ പിന്തുണയ്ക്കുന്നുണ്ട്. സായുധ പോരാട്ടത്തിന് ചൈനയില്‍ നിന്ന് ഇവര്‍ സഹായം കൈപ്പറ്റുന്നതായും സൂചനയുണ്ട്. 

1989ല്‍ പിഎല്‍എ, റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട് എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഇതിന്റെ നേതൃത്വത്തില്‍ സമാന്തര സര്‍ക്കാരും രൂപികരിച്ചു. നിലവില്‍ ഈ സംഘടനയുടെ നേതാക്കള്‍ ബംഗ്ലാദേശിലാണുള്ളത് എന്നാണ് സൂചന. 

മണിപ്പൂര്‍ മലനിരകളെ നാല് മേഖലകളായി തിരിച്ചാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നത്. ഓരോ മേഖലയിലും പ്രത്യേക മേധാവിമാരും കമാന്‍ഡര്‍മാരുമുണ്ട്.