

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 30ആയി. സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരവും വെള്ളത്തില്‍ മുങ്ങി.
15000 തീര്‍ത്ഥാടകരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ട്രെയിന്‍, വിമാന സര്‍വീസുകള്‍ റദ്ദാക്കി. കഡപ്പയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. വ്യോമസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മരിച്ചവരുടെ കൂട്ടത്തില്‍ എസ്ഡിആര്‍എഫ് അംഗങ്ങളുമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് ആന്ധ്രയില്‍ കനത്ത മഴ പെയ്യുന്നത്.
ബസുകള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍
രാജാംപേട്ടിലെ രാമപുരത്താണ് ബസുകള്‍ ഒഴുക്കില്‍പ്പെട്ടത്. കനത്തമഴയില്‍ പുഴ കരകവിഞ്ഞ് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ബസുകള്‍ കുടുങ്ങുകയായിരുന്നു. യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും ബസിന്റെ മുകളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍ കുറച്ചുപേരെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷിച്ചു. ഒലിച്ചുപോയ 30 പേരില്‍ 12 പേരുടെ മൃതദേഹം കണ്ടെത്തി.
ആര്‍ടിസി ബസില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴു പേരുടെ മൃതദേഹം ഗുണ്ടലൂരുവില്‍ നിന്നും അവശേഷിക്കുന്നവരുടേത് രാജവാരം മേഖലയില്‍ നിന്നുമാണ് കണ്ടെടുത്തത്. ആനമായ ജലസംഭരണിയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പുറത്തേയ്ക്ക് ഒഴുക്കിയ വെള്ളം സമീപപ്രദേശങ്ങളില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചിരിക്കുകയാണ്. പുഴ കരകവിഞ്ഞ് ഒഴുകിയത് മൂലം വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates