കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; മേഘാലയയില്‍ എംഎല്‍എമാര്‍ കൂട്ടത്തോടെ തൃണമൂലില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 10:28 AM  |  

Last Updated: 25th November 2021 10:28 AM  |   A+A-   |  

mamata

പശ്ചിമ ബംഗാളില്‍ പാര്‍ട്ടി വിജയം ആഘോഷിക്കുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍/പിടിഐ

 

ഷില്ലോങ്: മേഘാലയയില്‍ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ അടക്കം 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 10 മണിയോടെ ഇതുസംബന്ധിച്ച കത്ത് എംഎല്‍എമാര്‍ നിയമസഭാ സ്പീക്കര്‍ക്ക് കൈമാറിയതായാണ് വിവരം. സാങ്മ അടക്കം നേതാക്കള്‍ ആരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മേഘാലയയില്‍ കോണ്‍ഗ്രസിന് 17 എംഎല്‍എമാരാണ് ഉള്ളത്. അതുകൊണ്ടുതന്നെ 13 പേര്‍ പാര്‍ട്ടി മാറിയാല്‍ കൂറുമാറ്റനിരോധന നിയമം ബാധകമാവില്ല. 12 എംഎല്‍എമാര്‍ എത്തിയതോടെ മേഘാലയയില്‍ തൃണമൂല്‍ മുഖ്യപ്രതിപക്ഷമാവും.

കോണ്‍ഗ്രസ് നേതാക്കളായ കീര്‍ത്തി ആസാദ്, അശോക് തന്‍വര്‍ എന്നിവര്‍ മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ തൃണമൂലില്‍ ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് മേഘാലയയില്‍ കൂട്ടത്തോടെയുള്ള പാര്‍ട്ടി മാറ്റം. 

കുറച്ചുനാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് മുകുള്‍ സാങ്മ. വിന്‍സെന്റ് എച്ച് പാലയെ മേഘാലയ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതില്‍ മുകുള്‍ സാങ്മ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇരുവരുമായി ചര്‍ച്ച നടത്തി ഒരുമാസം പിന്നിടുന്ന വേളയിലാണ് സാങ്മയുടെ കൂറുമാറ്റം.