ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ സ്വദേശിക്ക് കോവിഡ്; ഒമൈക്രോണില്‍ ജാഗ്രത; ജബല്‍പ്പൂരില്‍ ബോട്‌സ്വാന യുവതി മുങ്ങി, തിരച്ചില്‍

ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയ  ലോകരാജ്യങ്ങളുടെ നടപടിയെ ലോകാരോഗ്യ സംഘടന വിമര്‍ശിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: ഒമൈക്രോണ്‍ ഭീതിയില്‍ ലോകരാജ്യങ്ങള്‍ കഴിയവെ, ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. താനെ ജില്ലയിലെ ഡോംബിവാലി സ്വദേശിയായ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ക്ക് ഒമൈക്രോണ്‍ വകഭേദമാണോ എന്ന് പരിശോധിച്ചു വരികയാണ്. 

സംസ്ഥാനത്ത് ഇതുവരെ ഒമൈക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര മന്ത്രിസഭ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. 

ബോട്‌സ്വാന യുവതിയെ കാണാതായി

അതിനിടെ, മധ്യപ്രദേശില്‍ ഒമൈക്രോണ്‍ ഭീതി വര്‍ധിപ്പിച്ച് ജബല്‍പ്പൂരിലെത്തിയ ബോട്‌സ്വാന യുവതിയെ കാണാതായി. നവംബര്‍ 18 ന് ജബല്‍പ്പൂര്‍ ദുമ്‌ന എയര്‍പോര്‍ട്ടിലിറങ്ങിയ ബോട്‌സ്വാന സ്വദേശിയായ യുവതിയെയാണ് കാണാതായത്. ഇതേത്തുടര്‍ന്ന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പ് അധികൃതരും യുവതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. 

കോവിഡിന്റെ ഡല്‍റ്റ വകഭേദത്തേക്കാള്‍ നിരവധി ജനിതക വ്യതിയാനം വന്നതാണ് ഒമൈക്രോണ്‍ വകഭേദമെന്ന് റോമിലെ ബാംബിനോ ഗെസു ആശുപത്രിയിലെ വിദഗ്ധര്‍ പറയുന്നു. മനുഷ്യ കോശങ്ങളുമായി സമ്പര്‍ക്കം വരുന്ന പ്രോട്ടീനിലാണ് മ്യൂട്ടേഷന്‍ സംഭവിച്ചതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ജനിതക വകഭേദം സംഭവിച്ച വൈറസ് വാക്‌സിനെ മറികടക്കാന്‍ ശേഷിയുള്ളതാണോ എന്നതിലടക്കം കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.  

യാത്രാ വിലക്കിനെ വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന

അതിനിടെ, ഒമൈക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയതിന്റെ പേരില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയ  ലോകരാജ്യങ്ങളുടെ നടപടിയെ ലോകാരോഗ്യ സംഘടന വിമര്‍ശിച്ചു. രാജ്യങ്ങള്‍ വിമാനയാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പകരം, ശാസ്ത്രീയവും  രാജ്യാന്തര ആരോഗ്യനിര്‍ദേശങ്ങളും പാലിക്കണമെന്ന് ഡബ്ലിയുഎച്ച്ഒ ആഫ്രിക്ക റീജിയണല്‍ ഡയറക്ടര്‍ മാറ്റ്ഷിഡിസോ മോയെറ്റി പറഞ്ഞു. 

ഒമൈക്രോണ്‍ പെട്ടെന്ന് വ്യാപിക്കുന്നതാണെന്നോ, അതീവ ഗുരുതരാവസ്ഥ ഉണ്ടാക്കുന്നതാണെന്നോ ഇതുവരെ വ്യക്തമല്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അതേസമയം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തേക്കാള്‍ ആറുമടങ്ങ് വ്യാപനശേഷിയുള്ളതാണെന്ന് ഇന്ത്യന്‍ ഗവേഷകര്‍ സൂചിപ്പിച്ചു. വാക്‌സിനെ മറികടക്കാനുള്ള ശേഷിയുണ്ടെന്നാണ് പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒമൈക്രോണ്‍ വകഭേദത്തിന് മോണോക്ലാണല്‍ ആന്റിബോഡി തെറാപ്പി ഫലപ്രദമല്ലെന്നും ഐജിഐബി ഗവേഷക മേഴ്‌സി റോഫിന പറഞ്ഞു. 

ഒമൈക്രോൺ വ്യാപിക്കുന്നു

ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ, 10 രാജ്യങ്ങളില്‍ കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ എട്ടുപേര്‍ക്ക് ഒമൈക്രോണ്‍ വൈറസ് ബാധയാണെന്ന സംശയം ആരോഗ്യവകുപ്പ് സൂചിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആഫ്രിക്ക അടക്കം ഒമൈക്രോണ്‍ ബാധ കണ്ടെത്തിയ രാജ്യങ്ങളിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ, ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയ്ക്കു പുറമേ ഹോങ്കോങ്, ഇസ്രയേൽ, ബെൽജിയം എന്നിവിടങ്ങളിലും ഒമൈക്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ദക്ഷിണാഫ്രിക്കയില്‍ നിന്നും നെതര്‍ലാന്‍ഡിസിലെത്തിയ 13 പേര്‍ക്ക് ഒമൈക്രോണ്‍ രോഗബാധയാണെന്ന് കണ്ടെത്തി. ബ്രിട്ടനില്‍ മൂന്നു പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. കാനഡയിലും ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലും ഒമൈക്രോണ്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. 

ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക

പുതിയ വകഭേദം കണ്ടെത്തിയെന്ന പേരില്‍ രാജ്യത്തെ ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക അഭ്യര്‍ത്ഥിച്ചു. ഒമൈക്രോണ്‍ രോഗബാധയുടെ പേരില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് തങ്ങളോടുള്ള വിവേചനം ആണെന്നും, വിലക്ക് പിന്‍വലിക്കണമെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ റാമഫോസ പറഞ്ഞു. 

കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുതുക്കി 

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി . ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും. രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രയ്ക്ക് മുന്‍പുള്ള 14 ദിവസത്തെ യാത്രാവിവരങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം നല്‍കണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ നല്‍കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തം ചെലില്‍ കോവിഡ് പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാന്‍ പാടില്ല. നെഗറ്റീവായാലും 7 ദിവസം ക്വാറന്റൈനില്‍ തുടരണം. പോസറ്റീവായാല്‍ ജിനോ സ്വീകന്‍സിങ്ങും ഐസോലേഷനും വേണം. 12 രാജ്യങ്ങളെ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ബംഗ്ലാദേശ്, ഇസ്രയേല്‍, സിംഗപ്പൂര്‍, മൊറീഷ്യസ്, ബോട്‌സ്വാന, ന്യൂസിലന്റ്, ചൈന, സിംബാവെ എന്നീ രാജ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com