കര്‍ണാടകയിലേത് ഒമൈക്രോണോ?; പരിശോധനാഫലം ഇന്നറിയാം; ദക്ഷിണാഫ്രിക്കയില്‍ നിന്നും ചണ്ഡീഗഡിലെത്തിയ മൂന്നുപേര്‍ക്ക് കോവിഡ്

രാജ്യത്ത് ഇതുവരെ കാണാത്ത വകഭേദമാണിതെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗലൂരു: കര്‍ണാടകയില്‍ ഒമൈക്രോണ്‍ ആണോയെന്ന് സംശയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ അറുപത്തിമൂന്നുകാരൻ ബം​ഗളൂരുവിൽ എത്തിയത്. ഡെൽറ്റ വൈറസിൽ നിന്ന് വ്യത്യസ്തമായ വകഭേദമാണെന്ന് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഏതു വൈറസ് വകഭേദമാണ് ഇയാൾക്ക് ബാധിച്ചതെന്ന് സ്ഥിരീകരിക്കാൻ കഴിയാത്തതിനെ തുടർന്ന് കർണാടക സർക്കാർ വിദ​ഗ്ധ പരിശോധനയ്ക്കായി ഐസിഎംആറിനെ സമീപിക്കുകയായിരുന്നു. 

രാജ്യത്ത് ഇതുവരെ കാണാത്ത വകഭേദമാണിതെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു ദക്ഷിണാഫ്രിക്കൻ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെൽറ്റാ വൈറസ് ആണെന്ന് വ്യക്തമായിരുന്നു. ദക്ഷിണാഫ്രിക്കൻ സ്വദേശിയുമായി സമ്പർക്കത്തിൽ വന്നവരെ എല്ലാം ക്വാറന്റീലാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ അടക്കം പരിശോധന കർശനമാക്കിയിട്ടുണ്ട്. 

ചണ്ഡീഗഡില്‍ മൂന്നുപേര്‍ക്ക് കോവിഡ്‌
 

അതിനിടെ, ദക്ഷിണാഫ്രിക്കയിൽ നിന്നും ചണ്ഡീ​ഗഡിലെത്തിയവർക്കും കോവിഡ് സ്ഥിരീകരിച്ചു. ​ഗൃഹനാഥനും ഇയാളുടെ കുടുംബാം​ഗങ്ങളിലൊരാൾക്കും ജോലിക്കാരനുമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതേത്തടുർന്ന് ഇവർക്ക് ഏതുതരം വൈറസ് ബാധയാണ് ഉണ്ടായിട്ടുള്ളത് എന്നറിയാൻ, ഇവരുടെ സാമ്പിളുകൾ ജീനോ സീക്വൻസിങ്ങിന് അയച്ചിരിക്കുകയാണ്. 

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തി കോവിഡ് സ്ഥിരീകരിച്ച ഡോംബിവലി സ്വദേശിക്ക് നിലവില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. കല്യാണിലെ ക്വാറന്‍റീൻ കേന്ദ്രത്തില്‍ കഴിയുന്ന ഇയാളുടെ സ്രവം ജിനോം സീക്വന്‍സിംഗിന് അയച്ചു. ഒമൈക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 99 പേര്‍ മുംബൈയില്‍ മാത്രം നിരീക്ഷണത്തിലുണ്ട്.

ആഫ്രിക്കയ്ക്ക് സഹായവുമായി ഇന്ത്യ

അതേസമയം, കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആഫ്രിക്കയ്ക്ക് സഹായവുമായി ഇന്ത്യ രം​ഗത്ത് വന്നു. ആഫ്രിക്കൻ രാജ്യങ്ങൾക്ക് മരുന്നടക്കമുള്ള സഹായം ഇന്ത്യ വാഗ്ദാനം ചെയ്തു. ജീവൻ രക്ഷാമരുന്നുകളും പരിശോധന കിറ്റുകളും, വെന്റിലേറ്ററുകളും അടക്കമുള്ള സഹായങ്ങൾ നൽകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജീൻ പഠനത്തിലും ഗവേഷണത്തിലും ഇന്ത്യ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com