സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ല; നിലപാടു വ്യക്തമാക്കി വെങ്കയ്യ നായിഡു, പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്തി തൃണമൂല്‍

സഭാനാഥനല്ല, സഭയാണ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തതെന്ന് വെങ്കയ്യ നായിഡു
രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം/ടിവി ചിത്രം
രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം/ടിവി ചിത്രം

ന്യൂഡല്‍ഹി: കഴിഞ്ഞ സമ്മേളന കാലയളവിലെ പെരുമാറ്റത്തിന്റെ പേരില്‍ പന്ത്രണ്ട് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കില്ലെന്ന് രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു. സഭാനാഥനല്ല, സഭയാണ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. 

അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പതിനാറു പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നായിഡുവിനെ കണ്ടു. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. ചട്ടവിരുദ്ധമായ നടപടിയാണ് ്അംഗങ്ങള്‍ക്കെതിരെ ഉണ്ടായിരിക്കുന്നതെന്ന് ഖാര്‍ഗെ ആരോപിച്ചു. 

രാജ്യസഭയില്‍ ഇറങ്ങിപ്പോക്ക്

നടപടി പിന്‍വലിക്കില്ലെന്ന് അധ്യക്ഷന്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ടെങ്കിലും പാര്‍ട്ടി പ്രതിഷേധത്തില്‍ പങ്കെടുത്തില്ല. ഖാര്‍ഗെയുടെ നേതൃത്വത്തില്‍ വെങ്കയ്യ നായിഡുവിനെ കണ്ട സംഘത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടായിരുന്നില്ല.

ഡിഎംകെ, എന്‍സിപി, ശിവസേന, സിപിഎം, സിപിഐ,ആര്‍ജെഡി, മുസ്ലിം ലീഗ്, ആര്‍എസ്പി, എംഡിഎംകെ, എല്‍ജെഡി, കേരള കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ്, വിസികെ, എംഎപി അംഗങ്ങളാണ് ഖാര്‍ഗെയുടെ നേതൃത്വത്തില്‍ രാജ്യസഭാധ്യക്ഷനെ കണ്ടത്.

ലോക്‌സഭയിലും പ്രതിഷേധം

രാജ്യസഭാംഗങ്ങളുടെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ തടസ്സപ്പെട്ടു. പ്രതിപക്ഷം മുദ്രാവാക്യം വിളി തുടര്‍ന്നതോടെ സ്പീക്കര്‍ ഓം ബിര്‍ല സഭ ഉച്ചയ്ക്കു രണ്ടു മണി വരെ നിര്‍ത്തിവച്ചു. 

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ലോക്‌സഭ പ്രതിപക്ഷ ബഹളത്തില്‍ തടസ്സപ്പെടുന്നത്. പ്രതിപക്ഷ അംഗങ്ങളുടെ പെരുമാറ്റം ശരിയല്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ല കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com