ആഫ്രിക്കയില്‍നിന്നു രണ്ടാഴ്ചയ്ക്കിടെ മുംബൈയില്‍ എത്തിയത് ആയിരത്തോളം പേര്‍; കണ്ടെത്താന്‍ ശ്രമം, ജാഗ്രത

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കണ്ടെത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മുംബൈയില്‍ എത്തിയത് ആയിരത്തോളം പേര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കണ്ടെത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മുംബൈയില്‍ എത്തിയത് ആയിരത്തോളം പേര്‍. ഇവരില്‍ 466 പേരുടെ പട്ടിക എയര്‍പോര്‍ട്ട് അതോറിറ്റി കൈമാറിയതോടെ ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു. നൂറു പേരുടെ കോവിഡ് പരിശോധന നടത്തിയതായും ബിഎംസി വ്യക്തമാക്കി.

വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നായി ആയിരത്തോളം പേര്‍ രണ്ടാഴ്ചയ്ക്കിടെ മുംബൈയില്‍ എത്തിയിട്ടുണ്ടെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി പറയുന്നത്. ഇവരുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. 466 പേരുടെ പട്ടിക ഇതിനകം ബിഎംസിക്കു കൈമാറി. ഇതില്‍ നൂറു പേരാണ് മുംബൈയില്‍ ഉള്ളത്. ഇവരുടെ കോവിഡ് പരിശോധന നടത്തിയതായി അഡീഷനല്‍ മുന്‍സിപ്പല്‍ കമ്മിഷന്‍ സുരേഷ് കകാനി പറഞ്ഞു.

കോവിഡ് പോസിറ്റിവ് ആണെന്നു കണ്ടെത്തിയാല്‍ ജീനോം സീക്വന്‍സിങ് നടത്തും. ഒമൈക്രോണ്‍ ആണോയെന്നു വേഗത്തില്‍ കണ്ടെത്താന്‍ ഡബ്ല്യൂഎച്ച്ഒ നിര്‍ദേശിച്ച എസ് ജീന്‍ മിസിങ് പരിശോധന നടത്തുമെന്നും ബിഎംസി അധികൃതര്‍ പറഞ്ഞു. എസ് ജീന്‍ മിസിങ് ആണെങ്കില്‍ ബാധിച്ചത് ഒമൈക്രോണ്‍ ആവാന്‍ സാധ്യത കൂടുതലാണ്. ജീനോം സീക്വന്‍സിങ്ങിലാണ് ഇതു സ്ഥിരീകരിക്കുക.

അപകടകാരിയെന്ന് ഡബ്ല്യൂഎച്ച്ഒ

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഒമൈക്രോണ്‍ പടര്‍ന്നുപിടിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്നും ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പു നല്‍കി.

ഒമൈക്രോണ്‍ വകഭേദം എത്രത്തോളം അപകടകരമാണെന്നതില്‍ അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന വ്യക്തത വരുത്തിയിരിക്കുന്നത്.

ഒമൈക്രോണ്‍ പടര്‍ന്നുപിടിച്ചാല്‍ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നു ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. പലതവണ വകഭേദം വന്ന വൈറസ് ആണ് ഒമൈക്രോണ്‍. മഹാമാരിയുടെ സ്വഭാവത്തെത്തന്നെ അതു മാറ്റിമറിക്കുമെന്ന് കുറിപ്പില്‍ പറയുന്നു.

ഒമൈക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു കുറിപ്പിലുണ്ട്. വാക്‌സിനുകള്‍ വഴിയും നേരത്തെ കോവിഡ് ബാധിച്ചതുവഴിയുമുള്ള പ്രതിരോധ ശേഷിയയെ ഒമൈക്രോണ്‍ മറികടക്കുമോയെന്നതില്‍ കൂടുതല്‍ പഠനം വേണ്ടതുണ്ടെന്നും ഡബ്ല്്യൂഎച്ച്ഒ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com