കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; ഭീകര്‍ക്കായി തിരച്ചില്‍ 

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; ഭീകര്‍ക്കായി തിരച്ചില്‍ 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീര മൃത്യു. പൂഞ്ചിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം. 

വ്യാഴാഴ്ച രാത്രിയാണ് പൂഞ്ച് ജില്ലയിലെ മെന്തറില്‍ നര്‍ ഖാസ് വനത്തിനുള്ളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ജൂനിയര്‍ കമ്മീഷന്‍ ഒഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ അരങ്ങേറിയത്. 

സംയുക്ത ഓപ്പറേഷനു വേണ്ടിയാണ് സൈനികര്‍ മേഖലയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തീവ്രവാദികളുമായി കനത്ത ഏറ്റമുട്ടലാണ് മേഖലയില്‍ നടക്കുന്നത്. വെടിവെപ്പ് രൂക്ഷമായതോടെ രജോരി-പൂഞ്ച് ദേശീയ പാത താല്ക്കാലികമായി അടച്ചിരുന്നു. ഓപ്പറേഷന്‍ ഇപ്പോഴും തുടരുന്നതായി സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. 

പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലം സ്വദേശിയായ വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ആയുധശേഖരവുമായി ഭീകരരുടെ സംഘം വനത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ തീവ്രവാദികള്‍തന്നെയാണ് ഇന്നലത്തെ ആക്രമണത്തിനും പിന്നിലെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com