'ഹിന്ദി അറിയില്ലെങ്കില്‍ പണം തിരികെ നല്‍കില്ല'; കസ്റ്റമര്‍ കെയറില്‍ വിളിച്ചയാളോട് മോശമായി പെരുമാറി, ജീവനക്കാരനെ പിരിച്ചുവിട്ട് സൊമാറ്റോ

ഹിന്ദി അറിയാത്ത ആള്‍ക്ക് പണം തിരികെ നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു കസ്റ്റമര്‍ കെയര്‍ ഏജന്റിന്റെ മറുപടി. മാത്രവുമല്ല, ഹിന്ദി ക്ലാസ് എടുക്കുകയും ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


സ്റ്റമര്‍ കെയര്‍ സെന്ററില്‍ വിളിച്ച ആളോട് ഹിന്ദി അറിയാത്തതിന്റെ പേരില്‍ പണം തിരികെ നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഏജന്റിനെ പിരിച്ചുവിട്ട് സൊമാറ്റോ. സൊമാറ്റോയ്ക്ക് എതിരെ സോഷ്യല്‍ മീഡിയിയല്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. തമിഴ്‌നാട് സ്വദേശിയായ വികാഷ് എന്നയാളോടാണ് സൊമാറ്റോ കസ്റ്റമര്‍ കെയര്‍ ഏജന്റ് അപമര്യാദയായി പെരുമാറിയത്. 

ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ഒരു ഐറ്റം ഇല്ലെന്നത് ചൂണ്ടിക്കാട്ടിയാണ് വികാഷ് കസ്റ്റമര്‍ കെയറില്‍ വിളിച്ചത്. എന്നാല്‍ ഹിന്ദി അറിയാത്ത ആള്‍ക്ക് പണം തിരികെ നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു കസ്റ്റമര്‍ കെയര്‍ ഏജന്റിന്റെ മറുപടി. മാത്രവുമല്ല, ഹിന്ദി ക്ലാസ് എടുക്കുകയും ചെയ്തു. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഹിന്ദി അറിഞ്ഞിരിക്കണം എന്നായിരുന്നു കസ്റ്റമര്‍ കെയര്‍ ഏജന്റിന്റെ ഉപദേശം. ഇതിന് പിന്നാലെ വികാഷ് വിഷയം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തു. ഹിന്ദി രാഷ്ട്രഭാഷയാണെന്ന് സൊമാറ്റോ ഏജന്റ് പറഞ്ഞതായും വികാഷ് ട്വീറ്റില്‍ കുറിച്ചു. തുടര്‍ന്ന് സൊമാറ്റോ ബഹിഷ്‌കരണത്തിന് ക്യാമ്പയിന്‍ ഉയര്‍ന്നതോടെയാണ് നടപടിയുമായി കമ്പനി രംഗത്തെത്തിയത്. 

അപമരാദ്യയായി പെരുമാറിയതിന് വികാഷിനോട് തമിഴിലും ഇംഗ്ലീഷിലും മാപ്പ് പറഞ്ഞ് സൊമാറ്റോ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഏജന്റിന്റെ പെരുമാറ്റം കമ്പനി പോളിസികള്‍ക്ക് നിരക്കാത്തതാണെന്ന് വ്യക്തമായതിനാലാണ് പുറത്താക്കുന്നതെന്ന് സൊമാറ്റോ കുറിപ്പില്‍ വ്യക്തമാക്കി. ഭാഷകളെപ്പറ്റിയും വൈവിധ്യത്തെപ്പറ്റിയും പുറത്താക്കിയ ഏജന്റിന്റെ ഭാഗത്തുനിന്നു വന്ന പ്രതികരണം കമ്പനിയുടെ നിലപാടല്ലെന്നും സൊമാറ്റോ പറയുന്നു. 

സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകള്‍ക്ക് അനുസരിച്ചുള്ള ആപ്ലിക്കേഷന്‍ തയ്യാറാക്കുകയാണെന്നും തമിഴ് ആപ്ലിക്കേഷന്‍ ഉടന്‍ തയ്യാറാകുമെന്നും സൊമാറ്റോ വ്യക്തമാക്കി. സംഗീത സംവിധായകന്‍ അനുരുദ്ധ് രവിചന്ദറിനെ കമ്പനിയുടെ തമിഴ് ബ്രാന്റ് അംബാസഡര്‍ ആക്കുമെന്നും സൊമാറ്റോ കൂട്ടിച്ചേര്‍ത്തു. കോയമ്പത്തൂരില്‍ കസ്റ്റമര്‍ കെയര്‍ സെന്റര്‍ ആരിഭിക്കാനും സൊമാറ്റോ പദ്ധതിയിടുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com