കൂടുതല്‍ താരങ്ങള്‍ എന്‍സിബി നിരീക്ഷണത്തില്‍ ; അനന്യ പാണ്ഡെയുടെ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു ; അടുത്ത ദിവസങ്ങളില്‍ ഷൂട്ടിങ് വേണ്ടെന്ന് നിര്‍ദേശം

ഷാറൂഖ് ഖാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്‌ഡെ അറിയിച്ചു
അനന്യ പാണ്ഡെ എൻസിബി ഓഫീസിൽ ഹാജരാകുന്നു / എഎൻഐ
അനന്യ പാണ്ഡെ എൻസിബി ഓഫീസിൽ ഹാജരാകുന്നു / എഎൻഐ

മുംബൈ : ആഡംബരക്കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ താരങ്ങള്‍ എന്‍സിബിയുടെ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. ആര്യന്‍ഖാന്റെ വാട്‌സ്ആപ്പ് ചാറ്റില്‍ പരാമര്‍ശിക്കപ്പെട്ട രണ്ട് താരങ്ങളാണ് പ്രധാനമായും എന്‍സിബി റഡാറിലുള്ളത്. സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് നടി അനന്യ പാണ്ഡെ ചോദ്യം ചെയ്യലിനായി എന്‍സിബി ഓഫീസില്‍ ഹാജരായി. അനന്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നടിയുടെ മൊബൈല്‍ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു. 

എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ, അന്വേഷണ ഉദ്യോഗസ്ഥനായ വിവി സിങ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. നടിയെ ചോദ്യം ചെയ്യുന്നതിനുള്ള ചോദ്യാവലി എന്‍സിബി തയ്യാറാക്കിയിട്ടുണ്ട്. ആര്യന്‍ ഖാന്‍ എത്രകാലമായി മയക്കുമരുന്ന് ഉപയോഗിക്കുന്നു, ആര്യനൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടോ, ലഹരി മരുന്ന് എവിടെ നിന്ന് കിട്ടുന്നു തുടങ്ങിയ കാര്യങ്ങള്‍ ചോദ്യാവലിയില്‍ ഉള്‍പ്പെടുന്നതായാണ് സൂചന.

അടുത്ത ദിവസങ്ങളില്‍ ഷൂട്ടിങ് വേണ്ട

അടുത്ത ദിവസങ്ങളില്‍ ഷൂട്ടിങ്ങിന് സമ്മതം നല്‍കരുതെന്ന് അനന്യ പാണ്ഡെ തന്റെ ടീമിന് നിര്‍ദേശം നല്‍കി. എന്‍സിബി വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്ന് നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കിയത്. ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് എന്‍സിബി മുംബൈയില്‍ നാലിടത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. 

അതേസമയം ഷാറൂഖ് ഖാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്‌ഡെ അറിയിച്ചു. ആര്യന്‍ ഖാനുമായി ബന്ധപ്പെട്ട ചില രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍സിബി സംഘം ഷാറൂഖിന്റെ മന്നത്തില്‍ എത്തിയതെന്നും വാങ്കഡെ അറിയിച്ചു. 

രേഖകള്‍ ആവശ്യപ്പെട്ടു

ആര്യന്‍ ഖാന്റെ വിദ്യാഭ്യാസ രേഖകള്‍, മെഡിക്കല്‍ ഹിസ്റ്ററി, വിേശയാത്രകളുടെ ചെലവ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, പണ ഇടപാട് ആപ്പുകള്‍, കാര്‍ഡ് മുതലായവ നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിശ്വവിജയ് സിംഗിന്റെ നേതൃത്വത്തിലുള്ള എന്‍സിബി സംഘം ഷാറൂഖിന്റെ മാനേജര്‍ പൂജയ്ക്ക് നോട്ടീസ് നല്‍കിയത്. 

അതിനിടെ, ലഹരിപാര്‍ട്ടി കേസില്‍ ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെയും മറ്റ് ഏഴു പ്രതികളുടേയും ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 30 വരെ നീട്ടി. മുംബൈ പ്രത്യേക നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയാണ് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്. ആര്യന്‍ ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ഇപ്പോഴുള്ളത്. ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ഖാന്‍ അടക്കമുള്ളവരെ എന്‍സിബി അറസ്റ്റ് ചെയ്യുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com