ഷാറൂഖ് ഖാന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ് ; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടി അനന്യ പാണ്ഡെക്ക് സമന്‍സ് 

ആര്യന്‍ ഖാനെ കാണാന്‍ ഷാറൂഖ് ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലെത്തിയിരുന്നു
ഷാറൂഖ് ഖാൻ, അനന്യ പാണ്ഡെ/ ട്വിറ്റർ ചിത്രം
ഷാറൂഖ് ഖാൻ, അനന്യ പാണ്ഡെ/ ട്വിറ്റർ ചിത്രം

മുംബൈ : ആഡംബരക്കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നടന്‍ ഷാറൂഖ് ഖാന്റെയയും നടി അനന്യ പാണ്ഡെയുടേയും വീട്ടില്‍ റെയ്ഡ്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മുംബൈ ബാന്ദ്രയിലെ ഷാറൂഖിന്റെ വസതിയായ മന്നത്തിലാണ് പരിശോധന നടത്തിയത്. കേസില്‍ ഷാറൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായി ജയിലിലാണ്. 

നടിക്ക് സമന്‍സ്

യുവ നടി അനന്യ പാണ്ഡെയുടെ വീട്ടിലും എന്‍സിബി സംഘം പരിശോധന നടത്തി. പ്രമുഖ നടന്‍ ചുങ്കി പാണ്ഡെയുടെ മകളാണ് അനന്യ. ഉച്ചയ്ക്ക് രണ്ടു മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അനന്യ പാണ്ഡെയ്ക്ക് എന്‍സിബി സമന്‍സ് നല്‍കിയിട്ടുണ്ട്. 

വാട്‌സ് ആപ്പ് ചാറ്റുകള്‍ കോടതിയില്‍

ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടി സംബന്ധിച്ച് ആര്യന്‍ ഖാന്‍ ഒരു യുവനടിയുമായി വാട്‌സ്ആപ്പിലൂടെ ചാറ്റു നടത്തിയതായി എന്‍സിബി കോടതിയെ അറിയിച്ചിരുന്നു. വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്‍സിബി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ആര്യന്‍ഖാന്‍ ചില ലഹരിമരുന്ന് ഇടപാടുകാരുമായി നടത്തിയ ചാറ്റുകളും എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 

ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി വീണ്ടു തള്ളിയിരുന്നു. തുടര്‍ന്ന് ആര്യന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. ആര്യന്‍ ഖാന്‍ ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

ഷാരൂഖിന്റെ മുന്നില്‍ വികാരാധീനനായി ആര്യന്‍

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാനെ കാണാന്‍ പിതാവും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാറൂഖ് ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലെത്തിയിരുന്നു. രാവിലെയാണ് ഷാറൂഖ് ജയിലിലെത്തിയത്. ആര്യനും ഷാറൂഖും തമ്മിലുള്ള കൂടിക്കാഴ്ച 18 മിനുട്ടോളം നീണ്ടു നിന്നു. കൂടിക്കാഴ്ചയ്ക്കിടെ ആര്യന്‍ വികാരാധീനനായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖിന് 20 മിനിറ്റ് സമയം അനുവദിച്ചിരുന്നെങ്കിലും 18 മിനിറ്റ് മാത്രമാണ് ഷാരൂഖ് ചെലവഴിച്ചത്

ഒക്ടോബര്‍ രണ്ടിന് ആര്യന്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് മകനെ കാണാന്‍ ഷാറുഖ് എത്തുന്നത്. ചില്ലുപാളികള്‍ക്ക് അപ്പുറവും ഇപ്പുറവും നിന്നായിരുന്നു കൂടിക്കാഴ്ച. ഇന്റര്‍കോം വഴിയായിരുന്നു സംസാരിച്ചത്. ജയില്‍ അധികൃതരും കൂടിക്കാഴ്ച വേളയില്‍ ഒപ്പമുണ്ടായിരുന്നു. കോവിഡ് മഹാമാരി കണക്കിലെടുത്ത് തടവുകാര്‍ക്ക് വീട്ടുകാരെ കാണുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഈ വിലക്ക് ബുധനാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ആര്യനെ കാണാന്‍ ഷാറൂഖിന് ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയത്. 23 കാരനായ ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ ഇന്നലെ പ്രത്യേക കോടതി തള്ളിയിരുന്നു. മൂന്നാം തവണയാണ് ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളുന്നത്.

ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് എന്‍സിബി

പ്രത്യേക കോടതി തള്ളിയ സാഹചര്യത്തില്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ആര്യന്‍ വീട്ടുകാരുടെ തീരുമാനം. ആര്യന്റെ സുഹൃത്തുക്കളായ അര്‍ബാസ് മര്‍ച്ചന്റ്, നടി മൂണ്‍മൂണ്‍ ധമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.ഒക്ടോബര്‍ രണ്ടിനാണ് മുംബൈയിലെ ആഢംബരക്കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ആര്യന്‍ഖാനെയും കൂട്ടാളികളെയും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com