പ്രസംഗിക്കുന്നതിനിടെ നേതാവിനെ തള്ളി മാറ്റി പ്രവര്‍ത്തകര്‍; കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല് (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2021 08:22 PM  |  

Last Updated: 24th October 2021 08:22 PM  |   A+A-   |  

ani

വീഡിയോ ദൃശ്യം

 

റായ്പുര്‍: ഛത്തീഗഢില്‍ പാര്‍ട്ടി യോഗത്തിനിടെ പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. യോഗത്തില്‍ പ്രസംഗിക്കുകയായിരുന്ന നേതാവിനെ തടയാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് പിന്നില്‍. 

ജഷ്പുര്‍ നഗരില്‍ നിന്നുള്ള മുന്‍ ജില്ലാ പ്രസിഡന്റ് പവന്‍ അഗര്‍വാള്‍ തൊഴിലാളികളുടെ യോഗത്തില്‍ വെച്ച് സംസാരിക്കുന്നതിനിടെ അദ്ദേഹത്തെ തടയുകയായിരുന്നു. എന്നാല്‍ ഇത് കണ്ടുകൊണ്ട് സദസില്‍ ഇരിക്കുകയായിരുന്ന തൊഴിലാളികള്‍ ഒന്നടങ്കം വേദിയിലേക്ക് ചാടിക്കയറിയതോടെ വിഷയം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു.

സംസ്ഥാന ആരോഗ്യമന്ത്രി ടിഎസ് സിങ് ഡിയോയ്ക്ക് വേണ്ടി മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ സ്ഥാനം ഒഴിഞ്ഞു കൊടുക്കണം എന്ന പരാമര്‍ശത്തിന് പിന്നാലെയാണ് പ്രവര്‍ത്തകരില്‍ ചിലര്‍ അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്തിയത്. ആരോഗ്യമന്ത്രി ടിഎസ് സിങ് ഡിയോയും മുഖ്യമന്ത്രി ഭൂപേഷ് ബാഘേലും കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടു വരാന്‍ വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്, എന്നാല്‍ ബാഘേല്‍ ഡിയോയ്ക്ക് വേണ്ടി സീറ്റ് ഒഴിയണമെന്നായിരുന്നു പവന്‍ അഗര്‍വാള്‍ പറഞ്ഞത്. 

പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ചുമതലയുള്ള ജില്ലാ പ്രസിഡന്റ് ഇഫ്തിഖാര്‍ ഹസന്‍ ഇടപെട്ടു. പവന്‍ അഗര്‍വാളില്‍ നിന്ന് മൈക്ക് തട്ടിപ്പറിക്കുകയും അദ്ദേഹത്തെ ഒരു ഭാഗത്തേക്ക് തള്ളുകയും ചെയ്തു. ഇതോടെയാണ് ചില പ്രവര്‍ത്തകര്‍ പ്രകോപിതരായി കൂട്ടത്തോടെ സ്‌റ്റേജിലേക്ക് ചാടിക്കയറിയത്.