മുഖത്തിന് തിളക്കം കൂട്ടാന്‍ 'ഓക്‌സിജന്‍ ശ്വാസം', പ്രതിശ്രുതവധുവിനെ കൊന്ന് കിടപ്പുമുറിയില്‍ കുഴിച്ചുമൂടി; അന്വേഷണത്തില്‍ ട്വിസ്റ്റ്, ഒരുമാസം മുന്‍പ് ആദ്യഭാര്യയെയും കൊലപ്പെടുത്തി 

രണ്ടുമാസത്തിനിടെ രണ്ടു കൊലപാതകങ്ങള്‍ നടത്തിയ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്:  രണ്ടുമാസത്തിനിടെ രണ്ടു കൊലപാതകങ്ങള്‍ നടത്തിയ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിശ്രുതവധുവിനെ കൊന്ന് കിടപ്പുമുറിയില്‍ കുഴിച്ചിട്ട കേസ് അന്വേഷിക്കുന്നതിനിടെയാണ് കഴിഞ്ഞമാസം ആദ്യ ഭാര്യയെയും സമാനമായ രീതിയില്‍ യുവാവ് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയത്.

പട്യാലയിലാണ് സംഭവം. 28കാരിയായ ചുപിന്ദര്‍പാല്‍ കൗറിനെയും സുഖ്ദീപ് കൗറിനെയും കൊലപ്പെടുത്തിയ കേസില്‍ നവനിന്ദര്‍പ്രീത്പാലാണ് അറസ്റ്റിലായത്. കരസേനയില്‍ നിന്ന് വിരമിച്ച കേണലിന്റെ മകനാണ്. ഒക്ടോബര്‍ 14നാണ് പ്രതിശ്രുതവധുവായ ചുപിന്ദര്‍പാല്‍ കൗറിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

ഇരുവരും തമ്മിലുള്ള കല്യാണം നടക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കേയാണ് ചുപിന്ദര്‍പാല്‍കൗറിനെ കൊന്ന് കിടപ്പുമുറിയില്‍ കുഴിച്ചിട്ടത്. ഒക്ടോബര്‍ 11നാണ് ചുപിന്ദര്‍പാല്‍ പട്യാലയില്‍ എത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട് ഷോപ്പിങ്ങിനായാണ് പ്രതിശ്രുതവധു നഗരത്തില്‍ എത്തിയത്. പ്രതിയുടെ വീട്ടിലായിരുന്നു താമസം. ഇവിടെ വച്ചാണ് ചുപിന്ദര്‍പാലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചായിരുന്നു കൊലപാതകം. മുഖത്തിന് തിളക്കം കിട്ടാന്‍ ഓക്‌സിജന്‍ ശ്വസിക്കുന്നത് നല്ലതാണ് എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് നൈട്രജന്‍ ഗ്യാസ് ശ്വസിക്കാന്‍ നല്‍കുകയായിരുന്നു. ഇതാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് കിടപ്പുമുറിയില്‍ തന്നെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. എന്നാല്‍ തന്നോട് ദേഷ്യപ്പെട്ട് അന്നേദിവസം തന്നെ ചുപിന്ദര്‍പാല്‍ വീട് വിട്ടുപോയതായാണ് നവനിന്ദര്‍പ്രീത്പാല്‍ വീട്ടുകാരോട് പറഞ്ഞത്. സംഭവത്തില്‍ പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആദ്യ ഭാര്യയുടെ മരണവും കൊലപാതകമാണ് എന്ന് കണ്ടെത്തിയത്. കഴിഞ്ഞമാസമാണ് ആദ്യഭാര്യയെ സമാനമായി പ്രതി കൊന്നത്. ഗര്‍ഭിണിയായിരിക്കേയാണ് സുഖ്ദീപ് കൗറിനെ പ്രതി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 

2018ലാണ് സുഖ്ദീപ് കൗറുമായുള്ള വിവാഹം. സെപ്റ്റംബര്‍ 19നായിരുന്നു കൊലപാതകം. മകള്‍ മരിച്ചത് ഹൃദയാഘാതം വന്നാണ് എന്ന് പറഞ്ഞ് പ്രതി വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്‌കാരവും നടത്തി. താന്‍ കുരുക്കില്‍ വീണതായി തോന്നിയതിനെ തുടര്‍ന്നാണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com