സൈറണ്‍ ഘടിപ്പിച്ച സ്‌കോര്‍പ്പിയോയില്‍ എത്തി; താമസിക്കാന്‍ സൗജന്യമായി മുറിവേണം; പളനി ക്ഷേത്രത്തിലെത്തിയ 'ഐഎഎസ്' ഓഫീസര്‍ അറസ്റ്റില്‍

ഐഎഎസ് ഉദ്യഗസ്ഥന്‍ ചമഞ്ഞ് പളനി ക്ഷേത്തിലെത്തിയ യുവാവ് അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ചെന്നൈ: ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് പളനി ക്ഷേത്തിലെത്തിയ യുവാവ് അറസ്റ്റില്‍. മയിലാട്ടുതുറ സ്വദേശിയായ എസ് കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ കൈയില്‍ നിന്ന് വ്യാജ ഐഡന്‍ഡിറ്റി കാര്‍ഡും പൊലീസ് കണ്ടെടുത്തു. സൈറണ്‍ ഘടിപ്പിച്ച കറുത്ത സ്‌കോര്‍പ്പിയോ വാഹനത്തിലാണ് ഇയാള്‍ ക്ഷേത്രദര്‍ശനനത്തിനെത്തിയത്. ഇയാള്‍ ക്ഷേത്രഭാരവാഹികളോട് താമസിക്കാന്‍ സൗജന്യമായി മുറി ആവശ്യപ്പെടുകയും ചെയ്തു.

സാധാരണരീതിയില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ദര്‍ശനത്തിനെത്തുന്നവിവരം ജില്ലാ റവന്യൂ അധികൃതര്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇയാളുടെ സന്ദര്‍ശനവേളയില്‍ അതുണ്ടാവത്തതിനെ തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ക്ക് സംശയം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ക്ഷേത്രം അധികൃതര്‍ ഇയാളില്‍ നിന്നും ഐഡികാര്‍ഡും മറ്റ് തിരിച്ചറിയല്‍ രേഖകളും ആവശ്യപ്പെട്ടു.

കെണിയില്‍ അകപ്പെട്ടെന്ന് മനസിലാക്കിയ ഇയാള്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങി. അധികൃതര്‍ ജില്ലാ റവന്യൂ ഓഫീസറെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ക്ഷേത്ര ജീവനക്കാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ മയിലാട്ടുതുറ സ്വദേശിയാണെന്നും ഇയാളില്‍ നിന്ന് വ്യാജ ഐഡി കാര്‍ഡ് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ഐഎഎസ് ചമഞ്ഞ് ഇയാള്‍ നിരവധി പേരെ കബളിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഇയാള്‍ 
അടുത്തിടെ മീനാക്ഷി അമ്മന്‍ ക്ഷേത്രം, തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രം എന്നിവയും സന്ദര്‍ശിച്ചിരുന്നു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com