നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി 

മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുമതി
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുമതി. എംബിബിഎസ് പ്രവേശനത്തിനുള്ള അഖിലേന്ത്യ എന്‍ട്രന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാന്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സിയ്ക്കാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.

നീറ്റ് ഫലം പ്രസിദ്ധീകരിക്കരുത് എന്ന ബോംബ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് കൊണ്ട് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് രാജ്യമൊട്ടാകെ നീറ്റ് ഫലം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കിയത്. മഹാരാഷ്ട്രയിലെ പരീക്ഷാകേന്ദ്രത്തില്‍ വച്ച് ഒഎംആര്‍ ഷീറ്റും ചോദ്യപേപ്പറും കൂടിക്കലര്‍ന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി രണ്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ക്ക് രണ്ടാമതും പരീക്ഷ നടത്താനും അതുവരെ നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി.

നീറ്റ് ഫലം

'ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുന്നു. ദേശീയ ടെസ്റ്റിങ് ഏജന്‍സിക്ക് ഫലം പ്രഖ്യാപിക്കാവുന്നതാണ്'-  ദേശീയ ടെസ്റ്റിങ് ഏജന്‍സിയുടെ അപേക്ഷ കണക്കിലെടുത്ത് സുപ്രീംകോടതി ഉത്തരവിട്ടു.രണ്ടു വിദ്യാര്‍ഥികള്‍ക്ക് സംഭവിച്ച കാര്യത്തില്‍ ദീപാവലി അവധിക്ക് ശേഷം തീരുമാനമെടുക്കും. എന്നാല്‍ അതുവരെ 16ലക്ഷം കുട്ടികളുടെ ഫലം തടഞ്ഞുവെയ്ക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സെപ്റ്റംബര്‍ 12നായിരുന്നു നീറ്റ് പരീക്ഷ. രണ്ടു വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തിയ ശേഷം മെയ്ന്‍ പരീക്ഷയുടെ ഫലത്തിനൊപ്പം ഇവരുടെ പരീക്ഷാഫലവും പ്രഖ്യാപിക്കാനായിരുന്നു ദേശീയ ടെസ്റ്റിങ് ഏജന്‍സിയോട് ബോംബൈ ഹൈക്കോടതി ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com