ആര്യന്‍ ഖാന്  ജാമ്യം നിന്നത് ജൂഹി ചൗള 

ആഡംബരക്കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗള
ജൂഹി ചൗള, ആര്യന്‍ ഖാന്‍
ജൂഹി ചൗള, ആര്യന്‍ ഖാന്‍

മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗള. ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍ ജൂഹി ചൗളയാണ് ഒപ്പുവെച്ചത്. ഇതിനായി ലഹരിമരുന്ന് കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ വെള്ളിയാഴ്ച വൈകീട്ടോടെ ജൂഹി ചൗള എത്തി.

ഇന്നലെയാണ് ആര്യന്‍ ഖാന് ബോംബൈ ഹൈക്കോടതി ജാമ്യം നല്‍കിയത്.എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകണമെന്നതടക്കമുള്ള 14 കര്‍ശന വ്യവസ്ഥകളിലാണ് ആര്യന് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. 

കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ല.  മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. ഇതോടൊപ്പം ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നിങ്ങനെയാണ് ജാമ്യവ്യവസ്ഥകള്‍. ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് കോടതിയെ സമീപിക്കാമെന്നും വ്യവസ്ഥയില്‍ പറയുന്നു.

ലഹരിമരുന്ന് കേസ്‌

22 ദിവസമാണ് ആര്യന്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞത്. ആര്യന്‍ ഖാനൊപ്പം അറസ്റ്റിലായ അര്‍ബാസ് മാര്‍ച്ചന്റിനും ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ആര്യന്‍ ഖാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയാണ്  ഹൈക്കോടതിയില്‍ ഹാജരായത്.  ആര്യനില്‍ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം  പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. 

23-കാരനായ ആര്യന്‍ ഖാന്‍ ഒക്ടോബര്‍ മൂന്നിനാണ് ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡില്‍ കസ്റ്റഡിയിലായത്. മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ റിമാന്‍ഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്താന്‍ എന്‍സിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയില്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആര്യന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത എന്‍സിബി ആര്യന്‍ മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്‌സാപ്പ് ചാറ്റുകള്‍ ഇതിന് തെളിവാണെന്നുമാണ് വാദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com