'ആളുകളുടെ ജീവിതം വച്ച് കളിക്കാൻ കഴിയില്ല'; കൊവാക്‌സിൻ എടുത്തവരെ കോവിഷീൽഡ് എടുക്കാനും അനുവദിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി   

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2021 12:04 PM  |  

Last Updated: 30th October 2021 12:04 PM  |   A+A-   |  

COVAXIN

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: കൊവാക്‌സിൻ എടുത്ത ആളുകൾക്ക് സ്വന്തം റിസ്‌കിൽ കോവിഷീൽഡ് എടുക്കാൻ അനുവാദം നൽകണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി നിരസിച്ച് സുപ്രീം കോടതി. കൊവാക്‌സിന് ലോകാരോഗ്യ സംഘനയുടെ അനുമതി ഇല്ലാത്തതുമൂലം വിദേശ യാത്രയ്ക്ക് തടസ്സമാകുന്നെന്ന് ചൂണ്ടിക്കാട്ടി കാർത്തിക് സേത് എന്നയാളാണ് കോടതിയെ സമീപിച്ചത്. സ്വന്തം താത്പര്യത്തിൽ കൊവാക്‌സിന് പുറമേ കോവിഷീൽഡും എടുക്കാൻ ആളുകളെ അനുവദിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. 

വാക്‌സിനേഷന് കൃത്യമായ നടപടിക്രമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ആളുകളുടെ ജീവിതം വച്ച് കളിക്കാൻ കഴിയില്ലെന്നും പറഞ്ഞു. വാക്സിനേഷൻ കൃത്യമായ നടപടിക്രമം പാലിച്ചാണ് നൽകുന്നത്. രണ്ട് ഡോസ് വാക്‌സിൻ എടുത്ത ഒരാളെ മറ്റൊരു വാക്‌സിൻ എടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിന് നിർദേശം നൽകിക്കൊണ്ട് ആളുകളുടെ ജീവിതം വച്ച് കളിക്കാൻ കഴിയില്ല, കോടതി പറഞ്ഞു.

കൊവാക്‌സിന് ഡബ്യൂഎച്ച്ഒ അനുമതി നൽകുമോ എന്നറിയാൻ കാത്തിരിക്കാമെന്നും അനുമതി ലഭിച്ചാൽ പിന്നെ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. ഹർജി അടുത്തമാസം വീണ്ടും പരിഗണിക്കും.