മകൾക്ക് രക്ഷിതാക്കൾ വിവാഹ ചെലവ് നൽകണം; സഹായം ലഭിക്കാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 09:59 AM  |  

Last Updated: 01st April 2022 09:59 AM  |   A+A-   |  

High Court

പ്രതീകാത്മക ചിത്രം

 

ന്യൂഡൽഹി: അവിവാഹിതരായ മക്കൾക്ക് രക്ഷിതാക്കളിൽ നിന്ന് വിവാഹ ചെലവ് ലഭിക്കാൻ അവകാശമുണ്ടെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. വിവാഹ ആവശ്യത്തിനായി മാതാപിതാക്കളിൽ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ട് അവിവാഹിതയായ മകൾ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. മകൾ നൽകിയ അപേക്ഷ കുടുംബകോടതി തള്ളിയതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. 

തന്റെ അച്ഛൻ ജോലിയിൽ നിന്നും വിരമിച്ച ശേഷം 75 ലക്ഷം രൂപ ലഭിച്ചുവെന്ന് ഹർജിക്കാരി അപ്പീലിൽ പറയുന്നു. യോഗ്യതയനുസരിച്ച് തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കുടുംബകോടതിക്ക് നിർദേശം നൽകിയിട്ടുണ്ട്. കുടുംബകോടതി നേരത്തെ പുറപ്പെടുവിച്ച വിധി ഹൈക്കോടതി റദ്ദാക്കി. 

ഇന്ത്യയിൽ വിവാഹ സമയത്ത് സാധാരണയായി ചെലവുകളുണ്ടാകും. ഇത്തരം സാഹചര്യത്തിൽ അവിവാഹിതരായ മക്കൾക്ക് രക്ഷിതാക്കളിൽ നിന്നും സഹായം ലഭിക്കാൻ അവകാശമുണ്ടെന്നും അതിനുനേരെ കോടതികൾക്ക് കണ്ണടക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഗൗതം ഭാദുരി, ജസ്റ്റിസ് സഞ്ജയ് എസ് അഗർവാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.