പുലര്‍ച്ചെ വരെ റേവ് പാര്‍ട്ടി; പൊലീസിന്റെ മിന്നല്‍ റെയ്ഡ്; പ്രമുഖ നടന്റെ മകളും ഗായകനും ഉള്‍പ്പെടെ നിരവധി പേര്‍ പിടിയില്‍

പരിശോധനയില്‍ അഞ്ച് പാക്കറ്റ് കൊക്കെയ്ന്‍ കണ്ടെടുത്തു. ഇതിനുപുറമേ കഞ്ചാവ്, ചരസ് അടക്കമുള്ള ലഹരിമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്
പരിശോധനയില്‍ പൊലീസ് പിടിയിലായവര്‍
പരിശോധനയില്‍ പൊലീസ് പിടിയിലായവര്‍

ഹൈദരബാദ്: ആഡംബര ഹോട്ടലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ പൊലീസിന്റെ മിന്നല്‍ റെയ്ഡ്. ഹൈദരാബാദ് ബഞ്ചറാഹില്‍സിലെ സ്വകാര്യ ഹോട്ടലിലായിരുന്നു പൊലീസിന്റെ റെയ്ഡ്. ഹോട്ടലില്‍നിന്ന് കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.പിടിയിലായവരില്‍ ഉ്ന്നതരുടെ മക്കളും ബന്ധുക്കളും അടക്കം 150 ലേറെ പേരെ പൊലീസ് കസ്റ്റഡിയില്‍ എടു്ത്തു.  

നടന്‍ നാഗബാബുവിന്റെ മകള്‍ നിഹാരിക, ഗായകനും തെലുങ്ക് ബിഗ്‌ബോസ് മത്സരവിജയിയുമായ രാഹുല്‍ സിപ്ലിഗുനി, ആന്ധ്രപ്രദേശ് പിഎസ്എസി ചെയര്‍മാനും മുന്‍ ഡിജിപിയുമായ ഗൗതം സവാങ്ങിന്റെ മകള്‍, ഗുണ്ടൂര്‍ എംപി ഗല്ല ജയദേവിന്റെ മകന്‍ തുടങ്ങിയവരുള്‍പ്പെടെ നിരവധി പേരാണ്് കസ്റ്റഡിയിലുള്ളത്.  

ബഞ്ചറാഹില്‍സിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ പബ്ബില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് പൊലീസിന്റെ പ്രത്യേകസംഘം റെയ്ഡ് നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് സംഘം പബ്ബിലെത്തുമ്പോള്‍ 150ലേറെ പേര്‍ പാര്‍ട്ടിയിലുണ്ടായിരുന്നു. പൊലീസിനെ കണ്ടതിന് പിന്നാലെ പലരും പാക്കറ്റുകള്‍ വലിച്ചെറിഞ്ഞതായും പൊലീസ് പറഞ്ഞു. പരിശോധനയില്‍ അഞ്ച് പാക്കറ്റ് കൊക്കെയ്ന്‍ കണ്ടെടുത്തു. ഇതിനുപുറമേ കഞ്ചാവ്, ചരസ് അടക്കമുള്ള ലഹരിമരുന്നുകളും കണ്ടെടുത്തിട്ടുണ്ട്. ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് കരുതുന്ന ഒഴിഞ്ഞ ചില പാക്കറ്റുകളും പബ്ബില്‍നിന്ന് ലഭിച്ചു.

സംഭവസമയത്ത് പബ്ബിലുണ്ടായിരുന്നവരെയെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോട്ടല്‍ മാനേജര്‍മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 
ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് ദുരുപയോഗം ചെയ്താണ് പുലര്‍ച്ചെവരെ നീളുന്ന റേവ് പാര്‍ട്ടി സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് ബഞ്ചറാഹില്‍സ് പോലീസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഹോട്ടലില്‍ റേവ് പാര്‍ട്ടി നടക്കുന്ന വിവരമറിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ വിമുഖത കാണിച്ചതിനാണ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com