'എന്റെ മരണത്തിന് കാരണം ഈശ്വരപ്പ';പൊലീസിന് സന്ദേശം; കര്‍ണാടക മന്ത്രിക്ക് എതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച കോണ്‍ട്രാക്ടര്‍ മരിച്ച നിലയില്‍

നാലു കോടി രൂപയുടെ റോഡ് നിര്‍മ്മാണത്തിന്റെ ബില്‍ മാറി തരാന്‍ 40 ശതമാനം കമ്മീഷന്‍ വേണമെന്ന് കര്‍ണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രിയായ ഈശ്വരപ്പ ആവശ്യപ്പെട്ടതായി സന്തോഷ് ആരോപിച്ചിരുന്നു
കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ/ഫയല്‍
കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പ/ഫയല്‍


ബെംഗളൂരു: കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പയ്ക്ക് എതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച സിവില്‍ കോണ്‍ട്രാക്ടര്‍ സന്തോഷ് പാട്ടീലിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉഡുപ്പിയിലെ ഒരു ലോഡ്ജ് മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

നാലു കോടി രൂപയുടെ റോഡ് നിര്‍മ്മാണത്തിന്റെ ബില്‍ മാറി തരാന്‍ 40 ശതമാനം കമ്മീഷന്‍ വേണമെന്ന് കര്‍ണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രിയായ ഈശ്വരപ്പ ആവശ്യപ്പെട്ടതായി സന്തോഷ് ആരോപിച്ചിരുന്നു. 

തന്റെ മരണത്തിന് കാരണം ഈശ്വരപ്പയാണെന്ന് പറഞ്ഞ് സന്തോഷ് പൊലീസിന് സന്ദേശമയച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ ഉഡുപ്പിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഈശ്വരപ്പയ്ക്ക് എതിരെയുള്ള സന്തോഷിന്റെ കോഴ ആരോപണത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഭരണകക്ഷിയായ ബിജെപിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു സന്തോഷ്. ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ ദേശീയ സെക്രട്ടറിയായിരുന്നു. 

മന്ത്രിക്കെതിരായ കോഴ ആരോപണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇദ്ദേഹം കത്ത് നല്‍കിയിരുന്നു. പതിനഞ്ച് ലക്ഷം രൂപ താന്‍ ഈശ്വരപ്പയ്ക്ക് നല്‍കിതായി സന്തോഷ് കത്തില്‍ അവകാശപ്പെട്ടിരുന്നു. 

സന്തോഷിന്റെ മരണത്തിന് പിന്നാലെ, ഈശ്വരപ്പയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രിക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം, പ്രാഥമിക അന്വേഷണത്തിന് ശേഷം, ഈശ്വരപ്പയുടെ രാജി ആവശ്യപ്പെടുന്നതിനെ കുറിച്ച് ആലോചിക്കാമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതികരണം. സന്തോഷ് പാട്ടീല്‍ കോഴ ആരോപണം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാത്രമാണ് പറഞ്ഞതെന്നും സര്‍ക്കാരിന് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും ബൊമ്മൈ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആരോപണങ്ങള്‍ ഈശ്വരപ്പ നിഷേധിച്ചിട്ടുണ്ടെന്നും സന്തോഷിനും വാര്‍ത്ത നല്‍കിയ ഒരു മാധ്യമ സ്ഥാപനത്തിന് എതിരെയും മന്ത്രി മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com