ചെന്നൈ: പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടികയിൽ ഇടം നേടിയ 63കാരനായ മുൻ പ്രധാനാധ്യാപകന് മെഡിക്കൽ സീറ്റ് നൽകുന്നത് പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സാങ്കേതിക കാരണങ്ങളാൽ സീറ്റ് നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ചെന്നൈ സ്വദേശിയായ എസ് മുനുസാമി നൽകിയ ഹർജിയിലാണ് കോടതി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് നിർദേശം നൽകിയത്.
കഴിഞ്ഞ വർഷം നടന്ന നീറ്റ് യോഗ്യതാ പരീക്ഷയിൽ മുനുസാമി 348 മാർക്കോടെ റാങ്ക് പട്ടികയിൽ ഇടം നേടി. സർക്കാർ സ്കൂളിൽ പഠിച്ചവർക്ക് മെഡിക്കൽ പ്രവേശനത്തിന് തമിഴ്നാട് സർക്കാർ 7.5 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് മുനുസാമിക്ക് മെഡിക്കൽ കോളജിൽ പ്രവേശനം ഉറപ്പായിരുന്നു. പക്ഷെ സംവരണനിയമത്തിലെ ചട്ടം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ ഡയറക്ടറേറ്റ് സീറ്റ് നിഷേധിച്ചു. ഒന്നുമുതൽ 12വരെ ക്ലാസുകൾ സർക്കാർ സ്കൂളിൽ പൂർത്തിയാക്കിയവർക്കാണ് സംവരണത്തിന് അർഹതയുള്ളതെന്നാണ് നിയമത്തിൽ പറയുന്നത്. മുനുസ്വാമി പഠിക്കുന്ന കാലത്ത് പ്ലസ് ടു നിലവിൽവന്നിട്ടില്ല. അതുകൊണ്ട് എസ്എസ്എൽസിക്ക് ശേഷം പ്രീ യൂണിവേഴ്സിറ്റി കോഴ്സാണ് പാസായത്. ഇത് ചൂണ്ടിക്കാട്ടിയാണ് സംവരണത്തിന് അർഹതയില്ലെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചത്.
സർക്കാർ സ്കൂളിൽ പഠിച്ചവർക്ക് ഏർപ്പെടുത്തിയിട്ടുള്ള സംവരണത്തിന് മുനുസ്വാമി അർഹനാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് ജസ്റ്റിസ് അനിത സുമന്ത് പറഞ്ഞു. ഏതെങ്കിലും സർക്കാർ മെജിക്കൽ കോളജിൽ അദ്ദേഹത്തിന് സീറ്റ് നൽകാൻ സംവിധാനമുണ്ടാക്കണമെന്ന് കോടതി നിർദേശിച്ചു. നടപടിയെടുത്തശേഷം വിവരമറിയിക്കാനാണ് കോടതി വിദ്യാഭ്യാസ ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജിയിൽ ഈ മാസം 29ന് വീണ്ടും വാദം തുടരും.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates