പരിചയം ഡേറ്റിങ് ആപ്പിലൂടെ, അമേരിക്കയിൽ പൈലറ്റ് ആണെന്ന് വിശ്വസിപ്പിച്ചു; ആലപ്പുഴ സ്വദേശിനിയുടെ 10 ലക്ഷം രൂപ തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2022 08:37 AM  |  

Last Updated: 18th April 2022 08:37 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി ആലപ്പുഴ സ്വദേശിനിയിൽനിന്നു 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ യുവാവ് അറസ്റ്റിൽ. എനുക അരിൻസി ഇഫെന്ന (36) ആണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘം ഡൽഹി ഗ്രേറ്റർ നോയിഡയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. യുഎസിൽ പൈലറ്റാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ യുവതിയെ തട്ടിപ്പിനിരയാക്കിയത്. 

ഒന്നരക്കോടി രൂപയുടെ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്താണ് യുവതിയിൽ നിന്ന് പ്രതി 10 ലക്ഷം രൂപ വാങ്ങിയത്. ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഡോളറായി എത്തിച്ച ഒന്നരക്കോടി രൂപ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും വിട്ടുകിട്ടാനുള്ള നടപടിക്കായി 10 ലക്ഷം രൂപ വേണമെന്നും യുവതിയോട് പറഞ്ഞാണ് ഇയാൾ പണം ആവശ്യപ്പെട്ടത്. യുവതി ബാങ്ക് അക്കൗണ്ട് വഴി  പല തവണയായി 10 ലക്ഷം നൽകി. വീണ്ടും 11 ലക്ഷം കൂടി ആവശ്യപ്പെട്ടു. ഇതു നൽകാൻ ബാങ്കിൽ എത്തിയപ്പോൾ സംശയം തോന്നിയ ബാങ്ക് മാനേജർ ആണ് വിവരം പൊലീസിനെ അറിയിച്ചത്. 

ഗ്രേറ്റർ നോയിഡയിൽ ഒരു ഫ്ലാറ്റിലാണ് പ്രതി താമസിക്കുന്നതെന്ന് മനസ്സിലാക്കി പൊലീസ് ഇവിടെ എത്തിയെങ്കിലും അപ്പോഴേക്കും എനുക കാറിൽ കടന്നുകളഞ്ഞു. ഇയാളുടെ നോയിഡ സ്വദേശിയായ സഹായിയെ പൊലീസ് പിടികൂടി. ഒരു എടിഎം കൗണ്ടറിനു മുന്നിൽ എത്താൻ പ്രതി സഹായിയുടെ ഫോണിൽ വിളിച്ച് പറഞ്ഞതോടെ പൊലീസിന് കാര്യങ്ങൾ എളുപ്പമായി. സ്ഥലത്തെത്തിയപ്പോൾ പൊലീസിനെ കണ്ട പ്രതി 6 വരിപ്പാതയിലേക്കു ചാടി ഒരു കിലോമീറ്ററോളം ഓടി. ഓടുന്നതിനിടെ ഷൂ ഊരിപ്പോയതുമൂലം ചുട്ടുപൊള്ളുന്ന റോഡിൽ കാൽ കുത്താൻ പറ്റാതായി. ഇതോടെയാണ് എനുകയെ പൊലീസ് പിടികൂടിയത്. 

ഘാന സ്വദേശിയായ ഭാര്യയും 2 മക്കളുമായാണ് എനുക ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ ഉപയോഗിച്ച് പണം സ്വീകരിച്ച്, അപ്പോൾത്തന്നെ തുക നൈജീരിയൻ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു ഇയാൾ. പ്രതിയെ ഇന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.

ഈ വാർത്ത വായിക്കാം

കൈയിലിരുന്ന പടക്കംപൊട്ടി; യുവാവിന്റെ കൈപ്പത്തി തകർന്നു, തലയ്ക്കും ഗുരുതരപരിക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ