ജയ്പൂര്‍: റോഡ് നിര്‍മ്മാണത്തിനായി രാജസ്ഥാനില്‍ 300 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചുനീക്കിയത് വിവാദമാകുന്നു. ആല്‍വാര്‍ ജില്ലയിലാണ് ഏകദേശം 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രവും 86 കടകളും വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതായി ആരോപിക്കുന്നത്. സംഭവത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷമായ ബിജെപിയും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി.
പൊളിച്ചുമാറ്റിയ സ്ഥലത്ത് 'ഗൗരവ് പാത' എന്ന പേരില്‍ ഒരു റോഡ് പ്രഖ്യാപിച്ചത് ബിജെപി മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെയാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ബിജെപി ഭരിക്കുന്ന രാജ്ഗഡ് ടൗണിലെ മുനിസിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനമാണ് നടപ്പാക്കിയത്. രാജ്ഗഡ് മുനിസിപ്പല്‍ കൗണ്‍സിലിലെ 35 അംഗങ്ങളില്‍ 34 പേരും ബിജെപിയാണെന്നും കോണ്‍ഗ്രസ് വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒന്നും ചെയ്യാനില്ല. അവര്‍ സര്‍ക്കാരിനോട് ആലോചിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. -രാജസ്ഥാന്‍ നഗരവികസന, ഭവന വകുപ്പ് മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു.
ശിവക്ഷേത്രമുള്‍പ്പെടെ രണ്ട് ക്ഷേത്രങ്ങള്‍ കൈയേറ്റ സ്ഥലത്താണെന്നും പൊളിക്കുന്നതിന് മുമ്പ് ക്ഷേത്രത്തിലെ പൂജാരിമാരോട് വിഗ്രഹങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊളിക്കല്‍ നടന്ന ദിവസം പ്രാദേശിക കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണ ഇതിനെതിരെ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്ന് ബിജെപി ആരോപിച്ചു. സംഭവം അന്വേഷിക്കുന്നതിനായി ബിജെപി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. ക്ഷേത്രം പൊളിക്കുന്നതിന് ജില്ലാ ഭരണകൂടം സഹായിച്ചെന്നും സംസ്ഥാന സര്‍ക്കാരിന് കൈ കഴുകാന്‍ കഴിയില്ലെന്നും ബിജെപി ആരോപിച്ചു.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates