പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹം ശക്തം; കെസിആറുമായി കറാര്‍ ഒപ്പിട്ട് ഐ പാക്, പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th April 2022 08:31 PM  |  

Last Updated: 24th April 2022 08:31 PM  |   A+A-   |  

prasanth_kishor-kcr

പ്രശാന്ത് കിഷോര്‍,കെസിആര്‍

 

ഹൈദരാബാദ്: കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ, തെലങ്കാനയിലെ ടിആര്‍സുമായി കരാറില്‍ ഒപ്പിട്ട് പ്രശാന്ത് കിഷോര്‍ നേതൃത്വം നല്‍കിയിരുന്ന ഐ പാക് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി.  പ്രശാന്ത് കിഷോറുമായി രണ്ടുദിവസം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഐ പാക്കുമായി ധാരണയിലെത്തിയിരിക്കുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയാണ് സഹകരണം. 

കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ പ്രശാന്ത്, പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്. അതേസമയം തന്നെ കോണ്‍ഗ്രസിന്റെ എതിര്‍ പക്ഷത്ത് നില്‍ക്കുന്ന കെസിആറുമായി ഐ പാക് വീണ്ടും കരാറിലെത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. കോണ്‍ഗ്രസ്, ബിജെപി ഇതര സഖ്യമുണ്ടാക്കാനായി കെസിആര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട്, ബംഗാള്‍ മുഖ്യമന്ത്രിമാരായ എംകെ സ്റ്റാലിന്‍, മമത ബാനര്‍ജി, എന്‍സിപി നേതാവ് ശരദ് പവാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരുമായി കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നു. 

മൂന്നുതവണയായി കോണ്‍ഗ്രസ് നേതൃത്വുമായി ചര്‍ച്ച നടത്തിയ പ്രശാന്ത്, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തന്റെ പ്ലാന്‍ സോണിയ ഗാന്ധിയെ ധരിപ്പിച്ചു. ഇത് എഐസിസി അംഗീകരിക്കുകയാണെങ്കില്‍ പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് എന്നാണ് വിവരം.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 370 സീറ്റ് ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കണമെന്നാണ് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന് മുന്നില്‍ വെച്ചിരിക്കുന്ന പ്രധാന നിര്‍ദേശം. മമത ബാനര്‍ജി, കെസിആര്‍ അടക്കമുള്ള പ്രാദേശിക നേതാക്കളുമായി കോണ്‍ഗ്രസ് സഖ്യത്തിലാകണമെന്നും പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചിരുന്നു. നിലവില്‍ ഐ പാക്കിന്റെ പ്രധാന ചുമതലകളൊന്നും പ്രശാന്ത് കിഷോര്‍ വഹിക്കുന്നില്ല. എന്നാല്‍ കമ്പനിക്കു വേണ്ടി നേതാക്കളുമായി ധാരണയിലെത്താന്‍ കൂടിക്കാഴ്ചകള്‍ നടത്തുന്നത് അദ്ദേഹമാണ്.
 

ഈ വാര്‍ത്ത വായിക്കാം ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന്‍ ചാലിസ; നവനീത് റാണയ്ക്കും ഭര്‍ത്താവിനും എതിരെ രാജ്യദ്രോഹ കുറ്റം, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ