വെന്തുരുകുന്ന ചൂട്; കാറിന്റെ ബോണറ്റിൽ ചപ്പാത്തി ചുട്ട് യുവതി (വീഡിയോ)

ഇപ്പോഴിതാ ചൂടിന്റെ അതി കാഠിന്യം വ്യക്തമാക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ന്യൂ‍ഡൽഹി: കൊടുംചൂടിൽ വലയുകയാണ് രാജ്യത്തെ ജനങ്ങൾ. പല സംസ്ഥാനങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ കടന്നതായാണ് റിപ്പോർട്ടുകൾ. ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിൽ താപ തരംഗം കൂടുതൽ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പുണ്ട്. 

ഇപ്പോഴിതാ ചൂടിന്റെ അതി കാഠിന്യം വ്യക്തമാക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒഡിഷയിലെ സോനെപുർ സ്വദേശിനിയായ യുവതി, തുറസായ സ്ഥലത്ത് നിന്ന് കാറിന്റെ ബോണറ്റിനു മുകളിൽ ചപ്പാത്തി ചുട്ടെടുക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.  

പരത്തി എടുത്ത ചപ്പാത്തി ഗ്യാസ് സ്റ്റൗവിൽ എന്നപോലെ നിമിഷങ്ങൾക്കകം ബോണറ്റിന് മുകളിൽവച്ച് ചുട്ടെടുക്കുന്നത് വീഡിയോയിൽ കാണാം. താപ തരംഗത്തിന്റെ കാഠിന്യം എത്രത്തോളമാണെന്ന് ഇതിൽ നിന്നു വ്യക്തമാണ്. 

കൊടുംചൂട് മൂലം ഒഡിഷയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും താത്കാലിക അവധി നൽകിയിരിക്കുകയാണ് സംസ്ഥാന ഭരണകൂടം. മെയ് രണ്ട് വരെ ക്ലാസുകൾ ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. ഭുവനേശ്വർ മെറ്റീരിയോളജിക്കൽ സെന്ററിൽ നിന്നുള്ള വിവരപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച ഒഡിഷയിലെ 28 പ്രദേശങ്ങളിൽ കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയത്. വരുന്ന ദിവസങ്ങളിലും താപതരംഗം സംസ്ഥാനത്തുടനീളം ഇതേ നിലയിൽ തന്നെ അനുഭവപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. 

ചൂട് ക്രമാതീതമായി ഉയരുന്നതിനിടെ ആ​ഗോളതാപനം വീണ്ടും പ്രധാന ചർച്ചാ വിഷയമായിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സംഘടനക്കു കീഴിൽ പ്രവർത്തിക്കുന്ന ഇന്റർ ഗവൺമെന്റൽ പാനലിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ഇന്ത്യയടക്കമുള്ള ചില തെക്കനേഷ്യൻ രാജ്യങ്ങളിൽ അടുത്ത രണ്ട് പതിറ്റാണ്ടിനിടെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരന്തങ്ങൾ ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com