കല്ലേറ്, വാളുകളുമായി തെരുവില്‍ ഏറ്റുമുട്ടല്‍; പട്യാലയില്‍ സംഘര്‍ഷം ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2022 04:28 PM  |  

Last Updated: 29th April 2022 04:28 PM  |   A+A-   |  

patiala

വാളുകളുമേന്തി തെരുവില്‍ ഏറ്റുമുട്ടല്‍/ എഎന്‍ഐ

 

ചണ്ഡീഗഡ്: പഞ്ചാബിലെ പട്യാലയില്‍ ശിവസേനാ പ്രവര്‍ത്തകരുടെ റാലിക്ക് നേരെയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഖാലിസ്ഥാനി ഗ്രൂപ്പുകള്‍ക്കെതിരെയാണ് പട്യാലയില്‍ ശിവസേന വര്‍ക്കിങ് പ്രസിഡന്റ് ഹരീഷ് സിന്‍ഗ്ലയുടേ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചത്. ഖാലിസ്ഥാന്‍ മൂര്‍ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു മാര്‍ച്ച്. 

ഇതിനിടെ, ഏതാനും സിഖ് സംഘടനകളുടെ നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ മാര്‍ച്ചിന് നേരെ പ്രതിഷേധവുമായെത്തി. മാര്‍ച്ചിന് നേര്‍ക്ക് കല്ലേറ് നടത്തിയ സംഘം തെരുവില്‍ വാളുകളുമായി ശിവസേന പ്രവര്‍ത്തകരെ നേരിട്ടു. ഇതോടെ ശിവസേനക്കാരും തിരികെ കല്ലേറ് ആരംഭിച്ചു. 

കാളിദേവി മന്ദിറിന് സമീപത്തുവെച്ചായിരുന്നു സംഘര്‍ഷം. ഇതിനിടെ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി പ്രദേശത്ത് വന്‍ പൊലീസ് സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. കനത്ത നിരീക്ഷണം തുടരുകയാണെന്നും, മാര്‍ച്ച് നടത്താന്‍ ശിവസേനയ്ക്ക് പൊലീസ് അനുമതി നല്‍കിയിരുന്നില്ലെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. 

പട്യാലയിലുണ്ടായ സംഭവവികാസങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും, പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിയോട് നിര്‍ദേശിച്ചതായും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. സമാധാനവും സാഹോദര്യവും പുലര്‍ത്തണം. ഇതു തകര്‍ക്കുന്ന ഒരു നടപടിയും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

ഈ വാര്‍ത്ത കൂടി വായിക്കാം 

വിവാഹത്തിനിടെ വധുവിനെ വെടിവെച്ചു കൊന്നു; കാമുകന്‍ ഒളിവില്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ