'ഡോളോ –650' വൻതോതിൽ കുറിച്ചു നൽകി; കമ്പനിയിൽ നിന്ന് 1000 കോടി പാരിതോഷികം, വിദേശ യാത്ര; ഡോക്ടർമാർക്കെതിരെ അന്വേഷണം

ആരോപണവിധേയരായ ഡോക്ടർമാരുടെ പേരുകൾ ലഭ്യമാക്കാൻ ആദായ നികുതി വകുപ്പിനോടു ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂ‍ഡൽഹി: മരുന്നു കമ്പനിയിൽ നിന്നു ആനുകൂല്യങ്ങൾ പറ്റിയ ഡോക്ടർമാർക്കെതിരെ രാജ്യ വ്യാപക നടപടി വരുന്നു. പാരസെറ്റമോൾ ഗുളികയായ ഡോളോ –650 ഉൾപ്പെടെ വൻതോതിൽ കുറിച്ചു നൽകിയാണ് ഡോക്ടർമാർ കമ്പനി ആനുകൂല്യങ്ങൾ പറ്റിയത്. ഡോളോ 650 ഉത്പാദിപ്പിക്കുന്ന മൈക്രോ ലാബ്സ് കമ്പനി 1000 കോടിയോളം രൂപ ഇത്തരത്തിൽ നൽകിയെന്നാണു പ്രാഥമിക വിലയിരുത്തൽ. 

ആരോപണവിധേയരായ ഡോക്ടർമാരുടെ പേരുകൾ ലഭ്യമാക്കാൻ ആദായ നികുതി വകുപ്പിനോടു ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ചു. ഡോക്ടർമാരിൽ നിന്നു വിശദീകരണം തേടിയ ശേഷമായിരിക്കും തുടർ നടപടി. അഴിമതി തെളിഞ്ഞാൽ മെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതടക്കം പരി​ഗണനയിലുണ്ട്. 

മൈക്രോ ലാബ്സ് കമ്പനി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഈയിടെ റെയ്ഡ് നടത്തിയിരുന്നു. കമ്പനി ഒട്ടേറെ ഡോക്ടർമാർക്കു വിദേശയാത്രാ പാക്കേജുകളും മറ്റു സൗജന്യങ്ങളും നൽകിയെന്നു തെളിവു സഹിതം കണ്ടെത്തി. സൗജന്യം പറ്റിയവരുടെ പേരുകളും ഓരോരുത്തർക്കും ലഭിച്ച ആനുകൂല്യവും ഉൾപ്പെടെയുള്ള വിശദാംശങ്ങളും ലഭിച്ചിട്ടുണ്ട്. ചില ഡോക്ടർമാർ കമ്പനിയുടെ മരുന്നിനു പ്രചാരം നൽകാൻ മെഡിക്കൽ ക്യാംപുകളും ആരോഗ്യ സെമിനാറുകളും വരെ നടത്തിയെന്നും കണ്ടെത്തലുണ്ട്. 

ഡോക്ടർമാരുടെ പേരുവിവരം ലഭിക്കുന്ന മുറയ്ക്കു കമ്മീഷൻ അവരിൽ നിന്നു വിശദീകരണം തേടും. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയത്തിനു റിപ്പോർട്ടും നൽകണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com