യമുന നദി കരകവിഞ്ഞു, വീടുകള്‍ വെള്ളത്തില്‍; 7000 പേരെ ഒഴിപ്പിച്ചു- വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 12:51 PM  |  

Last Updated: 14th August 2022 12:51 PM  |   A+A-   |  

RIVER

യമുന നദി കരകവിഞ്ഞതിനെ തുടര്‍ന്ന് വീടുകള്‍ വെള്ളത്തില്‍, എഎന്‍ഐ

 

ന്യൂഡല്‍ഹി:  യമുന നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 7000 പേരെ ഒഴിപ്പിച്ചു. ഇതില്‍ പലരും റോഡരികിലാണ് കഴിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കനത്തമഴയെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ടാണ് യമുന നദിയിലെ ജലനിരപ്പ് അപകടകരമായ നിലയായ 205.33 മീറ്ററിന് മുകളിലെത്തിയത്. തുടര്‍ന്നാണ് തീരപ്രദേശങ്ങളിലുള്ളവരെ അധികൃതര്‍  ഒഴിപ്പിക്കാന്‍ തുടങ്ങിയത്. നിലവില്‍ അപകടകരമായ നിലയിലും താഴെയാണ് യമുനയിലെ ജലനിരപ്പ്. ജലനിരപ്പ് ഇനിയും താഴുമെന്നാണ് അധികൃതര്‍ പറയുന്നത്.

 

താഴ്ന്ന പ്രദേശങ്ങളിലുള്ള 5000 പേരെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിന് സമീപമുള്ള ടെന്റുകളിലേക്ക് മാറ്റി. 2000 പേര്‍ വടക്കുകിഴക്കന്‍ ജില്ലകളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.  കൃഷിയിടങ്ങള്‍ പൂര്‍ണമായി വെള്ളത്തിനടിയിലായി. പാകമായിട്ടില്ലെങ്കിലും വിളകള്‍ പറിച്ചെടുത്ത് വില്‍ക്കാന്‍ ശ്രമിക്കുകയാണ് കര്‍ഷകര്‍. കാലികളുമായി മറ്റു പ്രദേശങ്ങളിലേക്ക് നീങ്ങാനാകാത്തതിനാല്‍ മയൂര്‍ വിഹാറില്‍ റോഡരികില്‍ ടെന്റുകള്‍ കെട്ടി നല്‍കുകയാണ് സര്‍ക്കാര്‍. എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കായിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.

ഹരിയാന ഹത്‌നികുണ്ഡ് ബാരേജില്‍നിന്നു വെള്ളം തുറന്നുവിട്ടതും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴ തുടരുന്നതുമാണ് യമുന നദി കരകവിഞ്ഞൊഴുകാന്‍ കാരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്ന് വീണു; 65കാരന്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ