മോഷണം 'തെളിയിക്കണം', അരിയും ചുണ്ണാമ്പും കഴിക്കാന്‍ മന്ത്രവാദി; എലി വിഷം കഴിച്ച് യുവതി ഗുരുതരാവസ്ഥയില്‍

മോഷണം സംശയിച്ച് വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മോഷണം സംശയിച്ച് വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. മോഷണവുമായി ബന്ധപ്പെട്ട് മന്ത്രവാദിയുടെ വാക്കുകള്‍ കേട്ടാണ് കുടുംബം 43കാരിയായ വീട്ടുജോലിക്കാരിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചത്. തുടര്‍ന്ന് മുറിയിലിട്ട് പൂട്ടിയതായി പൊലീസ് പറയുന്നു. അപമാനഭാരം സഹിക്കാന്‍ വയ്യാതെ 43കാരി എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.

ദക്ഷിണ ഡല്‍ഹി സത്ബാരിയിലെ ആഢംബര ഭവനത്തിലാണ് 43കാരി രണ്ടുവര്‍ഷമായി ജോലി ചെയ്യുന്നത്. പത്തുമാസം മുന്‍പാണ് വീട്ടില്‍ മോഷണം നടന്നത്. കഴിഞ്ഞ ദിവസം മോഷണം നടത്തിയത് ആരാണ് എന്ന് കണ്ടെത്തുന്നതിന് വീട്ടുടമസ്ഥ ഒരു മന്ത്രവാദിയെ വീട്ടില്‍ വിളിച്ചു കൊണ്ടുവന്നു. മന്ത്രവാദി ചില ക്രിയകള്‍ നടത്തി. അതിന് ശേഷം വീട്ടുജോലിക്കാര്‍ക്ക് അരിയും ചുണ്ണാമ്പും നല്‍കാന്‍ മന്ത്രവാദി നിര്‍ദേശിച്ചു. ഇത് കഴിച്ചതിന് പിന്നാലെ ആരുടെ വായ് ആണോ ചുവക്കുന്നത് അവരാണ് മോഷ്ടാവ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മന്ത്രവാദിയുടെ ക്രിയ.

ഇത് കഴിച്ചതിന് പിന്നാലെ 43കാരിയുടെ വായ് ചുവന്നു. ഇതിന് പിന്നാലെ വീട്ടുടമസ്ഥ യുവതിയെ ആക്രമിക്കാന്‍ തുടങ്ങി. യുവതിയെ വിവസ്ത്രയാക്കിയതിന് ശേഷം മുറിയില്‍ 24 മണിക്കൂര്‍ തടങ്കലിലാക്കി. തുടര്‍ന്നും മര്‍ദ്ദനം തുടര്‍ന്നതായി പരാതിയില്‍ പറയുന്നു. അന്ന് വൈകുന്നേരം ബാത്ത്‌റൂമില്‍ പോകാന്‍ വസ്ത്രം തരാന്‍ യുവതി വീട്ടുടമസ്ഥയോട് ആവശ്യപ്പെട്ടു. ബാത്ത് റൂമില്‍ വച്ചാണ് യുവതി എലിവിഷം കഴിച്ചതെന്ന് പൊലീസ് പറയുന്നു. എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് അവശതയായ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com