പിന്നിൽ ചൈന? ഹാക്കർമാർ ലക്ഷ്യമിട്ടത് എയിംസിലെ അഞ്ച് പ്രധാന സെർവറുകൾ

മോഷ്ടിക്കപ്പെട്ട ഡാറ്റ ഡാർക്ക് വെബിൽ വിറ്റിരിക്കാമെന്നാണ് നി​ഗമനം. നവംബർ 23നാണ് എയിംസ് സെർവറിൽ തകരാർ റിപ്പോർട്ട് ചെയ്യുന്നത്
aiims
aiims

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) സെർവർ ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. പ്രധാനമായും അഞ്ച് സെർവറുകളാണ് ഹാക്കർമാർ ലക്ഷ്യമിട്ടതെന്നാണ് കണ്ടെത്തൽ. ലക്ഷക്കണക്കിന് രോ​ഗികളുടെ സ്വകാര്യ വിവരങ്ങളാണ് അപഹരിക്കപ്പെട്ടിരിക്കുന്നത്. 

സെർവർ ഹാക്കിങിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നാണ് കരുതുന്നു. മോഷ്ടിക്കപ്പെട്ട ഡാറ്റ ഡാർക്ക് വെബിൽ വിറ്റിരിക്കാമെന്നാണ് നി​ഗമനം. നവംബർ 23നാണ് എയിംസ് സെർവറിൽ തകരാർ റിപ്പോർട്ട് ചെയ്യുന്നത്. 

ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള പ്രമുഖരുടെ രോഗ വിവരങ്ങള്‍, കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകളുടെ ട്രയല്‍ വിവരങ്ങള്‍, ആരോഗ്യ സുരക്ഷാ പഠനങ്ങള്‍, എച്‌ഐവി പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ വിവരങ്ങള്‍, പീഡനക്കേസുകളിലെ ഇരകളുടെ വൈദ്യ പരിശോധനാ ഫലങ്ങളടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നതായും സംശയമുണ്ട്. റാന്‍സംവെയര്‍ ആക്രമണമായതിനാല്‍ ഡാറ്റ തിരിച്ചു കിട്ടിയാല്‍ പോലും പകുതിയിലധികം വിവരങ്ങളും നഷ്ടമാകുമെന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഓൺലൈൻ പ്രവർത്തനം പുനഃരാരംഭിക്കാൻ സമയമെടുക്കുമെന്നാണ് വിവരം. നിലവിൽ ഒപി വിഭാഗങ്ങളുടെ പ്രവർത്തനം, സാമ്പിൾ ശേഖരണവുമെല്ലാം ജീവനക്കാർ നേരിട്ടാണ് ചെയ്യുന്നത്.

സംഭവത്തില്‍ ഡല്‍ഹി പൊലീസിനൊപ്പം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും അന്വേഷണം ആരംഭിച്ചു. ദി ഇന്ത്യ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ അധികൃതരും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ, ആഭ്യന്തര വകുപ്പ് തുടങ്ങിയവും അന്വേഷണം നടത്തുന്നുണ്ട്.

ഒരാഴ്ചയായി സര്‍വറിന്റെ പ്രവര്‍ത്തനം നിലച്ചിട്ട്. നാല് കോടിയോളം രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് സൂചനകളുള്ളത്. സര്‍വര്‍ ഹാക്ക് ചെയ്ത സംഘം 200 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹി പൊലീസ് ഇക്കാര്യം തള്ളിക്കളഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com