ഭര്‍ത്താവിന്റെ അമ്മയെയും 'സ്ലോ പോയിസണ്‍' കൊടുത്ത് കൊന്നു?; യുവതിയെയും കാമുകനെയും വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് 

മഹാരാഷ്ട്രയില്‍ യുവാവിന്റെ കൊലപാതകത്തിന് മാസങ്ങള്‍ക്ക് മുന്‍പ് അമ്മ മരിച്ചതിന്റെ കാരണം തേടി മുംബൈ പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ യുവാവിന്റെ കൊലപാതകത്തിന് മാസങ്ങള്‍ക്ക് മുന്‍പ് അമ്മ മരിച്ചതിന്റെ കാരണം തേടി മുംബൈ പൊലീസ്. മുംബൈയില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് കമല്‍കാന്തിനെ 'സ്ലോ പോയിസണിങ്ങിലൂടെ' കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ പരിധിയിലാണ് കമല്‍കാന്തിന്റെ അമ്മയുടെ മരണവും ഉള്‍പ്പെടുത്തിയത്. കമല്‍കാന്തിന്റേതിന് സമാനമായ രോഗലക്ഷണങ്ങളാണ് അമ്മയും പ്രകടിപ്പിച്ചത്. വയറു സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു കമല്‍കാന്തിന്റെ അമ്മയും മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചത്. ഇത് കമല്‍കാന്തിന്റെ മരണം പോലെ കൊലപാതകമാണോ എന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് 'സ്ലോ പോയിസണിങ്ങിലൂടെ'  ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ കവിതയും കാമുകന്‍ ഹിതേഷും പിടിയിലായത്. സംഭവത്തില്‍ കൊലപാതകം, ഗൂഢാലോചന എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

കവിതയും കമല്‍കാന്തും വര്‍ഷങ്ങളോളം പിരിഞ്ഞു കഴിയുകയായിരുന്നു. കുട്ടികളുടെ ഭാവിയെ ഓര്‍ത്ത് കവിത വീണ്ടും സാന്താക്രൂസിലെ വീട്ടിലേക്ക് തിരികെ എത്തി. കവിതയും കാമുകന്‍ ഹിതേഷും കുട്ടിക്കാലം മുതല്‍ തന്നെ സുഹൃത്തുക്കളായിരുന്നു. ബിസിനസ് കുടുംബത്തില്‍ നിന്നാണ് ഇരുവരും വരുന്നതെന്നും പൊലീസ് പറയുന്നു.

മാസങ്ങള്‍ക്ക് മുന്‍പാണ് കമല്‍കാന്തിന്റെ അമ്മ വയറുസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. കമല്‍കാന്തിനും സമാനമായ വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. രക്തത്തില്‍ ഉയര്‍ന്ന അളവില്‍ ആര്‍സെനിക്കും താലിയവും കണ്ടെത്തി. ഇത് അസ്വാഭാവികമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

മുംബൈ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, നവംബര്‍ 19നാണ് കമല്‍കാന്ത് മരിച്ചത്. തുടക്കത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. എന്നാല്‍ ഗൂഢാലോചന സംശയിച്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. തുടരന്വേഷണത്തിന് കേസ് ക്രൈംബ്രാഞ്ചിലേക്ക് കൈമാറുകയായിരുന്നു. 

കമല്‍കാന്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും കുടുംബാംഗങ്ങളുടെ മൊഴിയും കേസില്‍ നിര്‍ണായകമായതായി പൊലീസ് പറയുന്നു. കമല്‍കാന്തിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ, ഇരുവരും ഭക്ഷണത്തില്‍ ചെറിയ അളവില്‍ വിഷം നല്‍കി വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു. കമല്‍കാന്തിന്റെ അമ്മയെയും സമാനമായ നിലയില്‍ തന്നെ കൊലപ്പെടുത്തിയതാണോ എന്നകാര്യമാണ് പൊലീസ് ഇപ്പോള്‍ അന്വേഷിച്ച് വരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com