ആംആദ്മി ദേശീയ പാര്‍ട്ടി പദവിയിലേക്ക്; വിള്ളല്‍ വീണത് കോണ്‍ഗ്രസ് വോട്ടില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2022 11:30 AM  |  

Last Updated: 08th December 2022 11:30 AM  |   A+A-   |  

kejrival

അരവിന്ദ് കെജരിവാള്‍/ ട്വിറ്റര്‍

 

ന്യൂഡല്‍ഹി: ഗുജറാത്തില്‍ സാന്നിധ്യമറിയിച്ചതോടെ ആം ആദ്മി പാര്‍ട്ടി ദേശീയ പാര്‍ട്ടിയാകാനുള്ള യോഗ്യത നേടി. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ആറു ശതമാനത്തോളം വോട്ടു ലഭിച്ചതോടെയാണ് എഎപി ദേശീയ പാര്‍ട്ടി അംഗീകാരത്തിന് അര്‍ഹത നേടിയത്. ഗുജറാത്തില്‍ എട്ടു മണ്ഡലങ്ങളിലാണ് എഎപി ലീഡ് ചെയ്യുന്നത്.

നിലവില്‍ ഡല്‍ഹി, പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന പാര്‍ട്ടിയാണ്. ഡല്‍ഹിയിലും പഞ്ചാബിലും എഎപിയാണ് ഭരിക്കുന്നത്. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയും ആറു ശതമാനം വോട്ടുമാണ് വേണ്ടത്. എഎപിയെ ദേശീയ പാര്‍ട്ടിക്കിയതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് ബാനറുകളും പോസ്റ്ററുകളും വെച്ചിട്ടുണ്ട്.
 

ഗുജറാത്തില്‍ എഎപി സാന്നിധ്യം അറിയിച്ചപ്പോള്‍, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ആപ്പിന് ലഭിച്ച വോട്ടുകളിലേറെയും കോണ്‍ഗ്രസ് മതേതര വോട്ടുകളാണെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. അതേസമയം ഹിമാചല്‍ പ്രദേശില്‍ എഎപിക്ക് ഒരിടത്തും ലീഡ് നേടാനായിട്ടില്ല.

ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച് പത്താം വര്‍ഷത്തിലാണ്, പാര്‍ട്ടി ദേശീയ പാര്‍ട്ടി അംഗീകാരത്തിന് അര്‍ഹത നേടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കിയാല്‍, അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയപാര്‍ട്ടിയെന്ന തലയെടുപ്പോടെ എഎപിക്ക് മത്സരിക്കാനാകും. രാജ്യത്ത് നിലവില്‍ ഏഴു രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി അംഗീകാരമുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഗുജറാത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്; 150 ലേറെ മണ്ഡലങ്ങളില്‍ ലീഡ്; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ