ഇടതിന്റെ ബംഗാള്‍ റെക്കോര്‍ഡിന് ഒപ്പമെത്തി ബിജെപി; ഗുജറാത്തില്‍ ചരിത്ര ജയം, ഹിമാചലില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്

ആം ആദ്മി പാര്‍ട്ടി പ്രധാനമായും നഷ്ടമുണ്ടാക്കിയത് കോണ്‍ഗ്രസിനാണ്. പതിമൂന്നു ശതമാനത്തോളം വോട്ടു നേടിയ എഎപി അഞ്ചു സീറ്റില്‍ മുന്നിലാണ്
ഗാന്ധിനഗറില്‍ ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം/പിടിഐ
ഗാന്ധിനഗറില്‍ ബിജെപി പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം/പിടിഐ

അഹമ്മദാബാദ്/സിംല: ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ഭരണം പിടിച്ച് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്കു നീങ്ങുന്ന ബിജെപിക്ക് ഹിമാചല്‍ പ്രദേശില്‍ ഭരണ നഷ്ടം. കോണ്‍ഗ്രസിനെ പതിനാറു സീറ്റില്‍ ഒതുക്കി, ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിലേക്കു നീങ്ങുന്നതായാണ് ഗുജറാത്തില്‍നിന്നുള്ള സൂചന. അതേസമയം ഹിമാചലില്‍ മോദി പ്രഭാവം മറികടന്ന കോണ്‍ഗ്രസ് 39 സീറ്റില്‍ ജയത്തിലേക്കു നീങ്ങുകയാണ്.

ഗുജറാത്തിലെ 182ല്‍ 157 സീറ്റിലാണ് ബിജെപി വിജയിക്കുകയോ മുന്നിട്ടു നില്‍ക്കുകയോ ചെയ്യുന്നത്. 53 ശതമാനം വോട്ടും ബിജെപി നേടിയെടുത്തു. മോദി മുഖ്യമന്ത്രിയായിരിക്കെ 2002ല്‍ നേടിയ 127 സീറ്റാണ് ഇതുവരെ ബിജെപിയുടെ മികച്ച നേട്ടം. 1985ല്‍ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഗുജറാത്തില്‍ 149 സീറ്റ് നേടിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭയില്‍ 99 സീറ്റായിരുന്നു ബിജെപിക്ക്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവമാണ് ചരിത്രപരമായ വിജയത്തിനു പിന്നിലെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പ്രതികരിച്ചു. ഭൂപേന്ദ്ര പട്ടേല്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടില്‍ പറഞ്ഞു. തിങ്കളാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. 1.92 ലക്ഷം വോട്ടിനാണ്, അറുപതുകാരനായ പട്ടേല്‍ ഘാട്‌ലോഡിയ സീറ്റില്‍നിന്നു ജയിച്ചുകയറിയത്. 

ഈ ജയത്തോടെ ബിജെപി, തുടര്‍ച്ചയായി ഏഴു തവണ ഭരണമെന്ന, പശ്ചിമ ബംഗാളിലെ ഇടതു സര്‍ക്കാരിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി. 1977 മുതല്‍ 2011വരെ 34 വര്‍ഷമാണ് സിപിഎം നേതൃത്തില്‍ ഇടതു മുന്നണി ബംഗാള്‍ ഭരിച്ചത്. 

കഴിഞ്ഞ തവണ 77 സീറ്റോടെ ഭേദപ്പെട്ട മത്സരം കാഴ്ചവച്ച കോണ്‍ഗ്രസ് ഇക്കുറി തകര്‍ന്നടിഞ്ഞു. 28 ശതമാനം വോട്ടു മാത്രമാണ് പാര്‍ട്ടിക്കു നേടാനായത്. സംസ്ഥാനത്ത് പുതുതായി മത്സര രംഗത്തുവന്ന ആം ആദ്മി പാര്‍ട്ടി പ്രധാനമായും നഷ്ടമുണ്ടാക്കിയത് കോണ്‍ഗ്രസിനാണ്. പതിമൂന്നു ശതമാനത്തോളം വോട്ടു നേടിയ എഎപി അഞ്ചു സീറ്റില്‍ മുന്നിലാണ്. 

ഹിമാചല്‍ പ്രദേശിലെ 68ല്‍ 39 സീറ്റിലും മുന്നിലെത്തി കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവു നടത്തി. ബിജെപി 26 സീറ്റിലാണ് മുന്നിലുള്ളത്. മൂന്നിടത്ത് സ്വതന്ത്രരും മുന്നിട്ടു നില്‍ക്കുന്നു. 67 സീറ്റിലും മത്സരിച്ചെങ്കിലും ആംആദ്മി പാര്‍ട്ടിക്കു കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com