'ഒന്നിലധികം ഭാര്യമാരുള്ള മുസ്ലിം പുരുഷന്‍മാര്‍ക്ക് എതിരാണ് ബിജെപി; ഇത്തരം കാര്യങ്ങളില്‍ മാറ്റം വേണം'- അസം മുഖ്യമന്ത്രി

ഹിമന്ത ബിശ്വ ശര്‍മ/ഫയല്‍ ചിത്രം
ഹിമന്ത ബിശ്വ ശര്‍മ/ഫയല്‍ ചിത്രം

ഗുവാഹത്തി: ഒന്നിലധികം വിവാഹം കഴിച്ച മുസ്ലിം പുരുഷന്‍മാര്‍ക്കെതിരാണ് തന്റെ പാര്‍ട്ടിയായ ബിജെപിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. എഐയുഡിഎഫ് നേതാവും എംപിയുമായ ബദറുദ്ദീന്‍ അജ്മലിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയയാണ് ഹിമന്ത ഇക്കാര്യം പറഞ്ഞത്. 

ഹിന്ദു സമുദായത്തിലെ പുരുഷന്‍മാര്‍ മുസ്ലിം സമുദായത്തിലെ പുരുഷന്‍മാരെ പോലെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നായിരുന്നു എംപിയുടെ പ്രസ്താവന. പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ അജ്മല്‍ ക്ഷമാപണം നടത്തുകയും പരാതി പന്‍വലിക്കുകയും ചെയ്തിരുന്നു. 

'സ്വതന്ത്ര ഇന്ത്യയില്‍ ഒരു പുരുഷന് മൂന്ന്- നാല് വിവാഹം കഴിക്കാനുള്ള അവകാശമില്ല. (മുന്‍ പങ്കാളിയുമായി വിവാഹ മോചനം ചെയ്യാതെ). ഇത്തരത്തിലുള്ള സംവിധാനങ്ങളെല്ലാം മാറ്റണമെന്നാണ് ബിജെപിയുടെ കാഴ്ചപ്പാട്. മുസ്ലിം സ്ത്രീകളുടെ നീതിക്കായി പാര്‍ട്ടി പ്രവര്‍ത്തിക്കും.' 

'എല്ലാവരുടേയും കൂടെ എല്ലാവരുടേയും വികസനം എന്നതാണ് പാര്‍ട്ടിയുടെ നയം. അസമില്‍ ഹിന്ദു കുടുംബങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ മുസ്ലിം കുടുംബങ്ങളില്‍ നിന്നും ഡോക്ടര്‍മാരുണ്ടാകണം എന്നാണ് ബിജെപിയുടെ കാഴ്ചപ്പാട്. നിര്‍ഭാഗ്യവശാല്‍ പല നേതാക്കള്‍ക്കും പോമുവ മുസ്ലിങ്ങളുടെ (പശ്ചിമ ബംഗാളില്‍ നിന്ന് കുടിയേറിയ ബംഗാളി ഭാഷ പറയുന്ന മുസ്ലിങ്ങള്‍) വോട്ടിലാണ് കണ്ണ്. അതിനാല്‍ അവര്‍ ഇത്തരം കാര്യങ്ങള്‍ മിണ്ടില്ല.'

'അസമില്‍ ബദറുദ്ദീന്‍ അജ്മലിനെ പോലെ ചില നേതാക്കളുണ്ട്. ഫലഭൂയിഷ്ടമായ ഭൂമിയായതിനാല്‍ സ്ത്രീകള്‍ എത്രയും വേഗം പ്രസവിക്കണമെന്നാണ് അവര്‍ പറയുന്നത്. സ്ത്രീകളെ ഇത്തരത്തിലൊക്കെ ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല.' 

'സ്ത്രീകള്‍ 20-25 കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നാണ് ബദറുദ്ദീന്‍ അജ്മല്‍ എംപി പറയുന്നത്. ഇത്രയും പേര്‍ക്കുള്ള ഭക്ഷണവും വസ്ത്രങ്ങളും വിദ്യാഭ്യാസവുമൊക്കെ അജ്മല്‍ തന്നെ വഹിക്കുമെങ്കില്‍ ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ല'- ഹിമന്ദ പരിഹസിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com