നേരിട്ട് തെളിവില്ല എന്ന് കരുതി വിട്ടയക്കരുത്!, കൈക്കൂലി കേസില്‍ സാഹചര്യത്തെളിവിലും ശിക്ഷിക്കാം; സുപ്രീംകോടതിയുടെ നിര്‍ണായക വിധി 

രാജ്യത്തെ ഭരണസംവിധാനം അഴിമതിമുക്തമാണ് എന്ന് ഉറപ്പാക്കാന്‍ പൊതുസേവകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  കൈക്കൂലിക്കേസില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന പൊതുസേവകരെ പ്രത്യക്ഷ തെളിവില്ലെങ്കില്‍ സാഹചര്യത്തെളിവുകളുടെയും മറ്റു ദൃക്‌സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. രാജ്യത്തെ ഭരണസംവിധാനം അഴിമതിമുക്തമാണ് എന്ന് ഉറപ്പാക്കാന്‍ പൊതുസേവകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ അഴിമതി തെളിയിക്കാന്‍ നേരിട്ട് തെളിവില്ലെങ്കില്‍ സാഹചര്യത്തെളിവുകള്‍ കൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ എന്ന നിരീക്ഷണത്തോടെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. ഡല്‍ഹി വൈദ്യുത വകുപ്പുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിനെതിരായ അപ്പീല്‍ ഹര്‍ജിയില്‍ ഉയര്‍ന്ന നിയമപ്രശ്‌നങ്ങളാണ് 2019 ല്‍ മൂന്നംഗ ബെഞ്ച് ഭരണഘടനാ ബെഞ്ചിനു വിട്ടത്.

നേരിട്ടുള്ള തെളിവില്ലാതിരിക്കുകയോ പരാതിക്കാരന്‍ മരിച്ചു പോവുകയോ മറ്റു കാരണങ്ങള്‍ മൂലം തെളിവു നല്‍കാതിരിക്കുകയോ ചെയ്താലും കുറ്റവിമുക്തനാക്കരുത്. പകരം, മറ്റു രേഖകളുടേയും മൊഴികളുടെയും അടിസ്ഥാനത്തില്‍ വിചാരണ തുടരണമെന്നും കോടതി വ്യക്തമാക്കി. 

അടിസ്ഥാന വസ്തുതകള്‍ കോടതിക്കു ബോധ്യപ്പെടണം. അനധികൃതമായി പണം പറ്റിയെന്നു മനസ്സിലാക്കാന്‍ സാഹചര്യത്തെളിവുകള്‍ വച്ചുള്ള അനുമാനം മതി. കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തെളിവിന്റെ അഭാവം, നേരിട്ടുള്ളതോ പ്രാഥമികമോ ആയ തെളിവില്ലാത്ത സാഹചര്യം തുടങ്ങിയ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ നല്‍കുന്ന മറ്റു തെളിവുകള്‍ അടിസ്ഥാനമാക്കി കുറ്റം ചാര്‍ത്താമെന്നും ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com