'പശ്ചാത്താപത്തിന്റെ കണിക പോലും ഇല്ല, ജയിലിൽ കസബ് നിന്നത് ഒരു കൂസലുമില്ലാതെ'- മുംബൈ ഭീകരാക്രമണ അനുഭവങ്ങൾ പങ്കിട്ട് നഴ്സ് (വീഡിയോ)

മുംബൈയിൽ അഞ്ച് പ്രധാന സ്ഥലങ്ങളിലാണ് 2008 നവംബർ 26ന് തീവ്രവാദികൾ ആക്രമണം നടത്തിയത്. സംഭവത്തിൽ 166 പേർ മരിച്ചു. 300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
അഞ്ജലി കുൽതെ/  ട്വിറ്റർ
അഞ്ജലി കുൽതെ/ ട്വിറ്റർ

യുഎൻ: രാജ്യത്തെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണക്കേസിൽ തൂക്കിലേറ്റിയ ലഷ്കർ ഇ തൊയ്ബ ഭീകരൻ അജ്മൽ കസബിന് സംഭവ ശേഷവും അതിൽ വലിയ പശ്ചാത്താപമൊന്നും ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തൽ. അന്ന് ആക്രമണം നടന്ന കാമ ആൻഡ് ആൽബെസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്ന‌‌‌‌‌ അഞ്ജലി കുൽതെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തിന് പിന്നാലെ പിടികൂടിയ കസബിനെ ജയിലിൽ വച്ച് കണ്ടപ്പോഴുള്ള അനുഭവമാണ് അവർ പങ്കിട്ടത്. 

മുംബൈയിൽ അഞ്ച് പ്രധാന സ്ഥലങ്ങളിലാണ് 2008 നവംബർ 26ന് തീവ്രവാദികൾ ആക്രമണം നടത്തിയത്. സംഭവത്തിൽ 166 പേർ മരിച്ചു. 300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ ഹൗസ് ബിസിനസ് ആൻഡ് റെസിഡൻഷ്യൽ കോംപ്ലക്‌സ്, കാമ ഹോസ്പിറ്റൽ, ലിയോപോൾഡ് കഫേ, ഒബ്‌റോയ്-ട്രൈഡന്റ് ഹോട്ടൽ, താജ് ഹോട്ടൽ ആൻഡ് ടവർ എന്നീ അഞ്ച് പ്രധാന സ്ഥലങ്ങളാണ് ലഷ്‌കർ ഇ ടി ഭീകരർ ലക്ഷ്യമിട്ടത്.

യുഎൻ സെക്യൂരിറ്റി കൗൺസിൽ സംഘടിപ്പിച്ച 'ആഗോള ഭീകരവിരുദ്ധ സമീപനം: വെല്ലുവിളികളും മുന്നോട്ടുള്ള വഴിയും' എന്ന സെമിനാറിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്താണ് അവർ തന്റെ അനുഭവങ്ങൾ പങ്കിട്ടത്. അന്ന് ആക്രമണങ്ങൾക്ക് ഇരകളയാവർ അനുഭവിക്കേണ്ടി വന്ന യാതനകളും അവർ അനുസ്മരിച്ചു. 

ആക്രമണം നടക്കുമ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ആശുപത്രിയായ കാമ ആൻഡ് ആൽബെസിൽ സ്റ്റാഫ് നേഴ്സായിരുന്നു അവർ. കസബ് ഉൾപ്പെടെ രണ്ട് ഭീകരർ ആശുപത്രിയുടെ കവാടത്തിൽ കയറി ഗാർഡുകളെ കൊല്ലുന്നത് അവർ കണ്ടതായി റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ നിരവധി പേരുടെ ജീവൻ രക്ഷിക്കാനും അവർക്ക് സാധിച്ചിരുന്നു.

പിന്നീട് കസബ് പിടിക്കപ്പെട്ടതിന് ശേഷം താൻ അയാളെ ജയിലിൽ വച്ച് കണ്ട അനുഭവവും അവർ പങ്കിട്ടു. ജയിലിൽ വെച്ച് തന്നെ കണ്ടപ്പോൾ ഒരു കൂസലുമില്ലാതെയാണ് കസബ് നിന്നതെന്ന് അവർ സുരക്ഷാ കൗൺസിലിൽ വ്യക്തമാക്കി. അഞ്ജലി കുൽതെയും കസബിനെതിരെ മൊഴി നൽകിയിരുന്നു. കോടതിയിൽ നഴ്സിന്റെ യൂണിഫോമിൽ എത്തിയാണ് അവർ കസബിനെതിരെ മൊഴി കൊടുത്തത്. 

സെമിനാറിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഞ്ജലിക്ക് നന്ദി പറഞ്ഞു. ഭീകരാക്രമണത്തിന്റെ ധീരയായ ഇര എന്നാണ് മന്ത്രി അഞ്ജലിയെ വിശേഷിപ്പിച്ചത്. ആക്രമണത്തിലെ ഇരകൾക്ക ഇനിയും നീതി ലഭിച്ചിട്ടില്ലെന്ന് അഞ്ജലിയുടെ അനുഭവങ്ങൾ തെളിയിക്കുന്നതായും മന്ത്രി കൗൺസിലിനെ ഓർമിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com