ഭൂമി ഏറ്റെടുത്തതിന് സര്‍ക്കാര്‍ ഒരു കോടി നല്‍കി, ഓണ്‍ലൈന്‍ ഗെയിമില്‍ കളഞ്ഞുകുളിച്ച് മകന്‍, തകര്‍ന്ന് കര്‍ഷകന്‍

ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായ ഹര്‍ഷവര്‍ധന്‍ പണം മുഴുവന്‍ ഗെയിമുകളില്‍ ചെലവഴിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: സ്വന്തമായുണ്ടായിരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതിനു കര്‍ഷകനു പ്രതിഫലമായി ലഭിച്ച ഒരു കോടിയോളം രൂപ മകന്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ നഷ്ടപ്പെടുത്തി. തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ ശ്രീനിവാസ റെഡ്ഡിയുടെ കുടുംബമാണ് ഒറ്റയടിക്ക് 'പാപ്പരായത്.

ശ്രീനിവാസ റെഡ്ഡിയുടെ പത്ത് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വികസനപ്രവര്‍ത്തനത്തിനായി ഏറ്റെടുക്കുകയായിരുന്നു. തെലങ്കാന ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്പ്പറേഷന്‍ 1.05 കോടി രൂപയാണ് ഇതിനു പ്രതിഫലമായി നല്‍കിയത്. ഏക്കറിന് 10.5 ലക്ഷം രൂപ വച്ചായിരുന്നുഇത്.

ഈ പണം ഉപയോഗിച്ച് കുറച്ചു ഭൂമി വാങ്ങാനായിരുന്നു ശ്രീനിവാസ റെഡ്ഡിയുടെ പരിപാടി. ഇതിനായി മല്ലാപൂരില്‍ ഭൂമിയും കണ്ടുവച്ചിരുന്നു. ഏഴുപതുലക്ഷം രൂപയുടെ ഇടപാടില്‍ ഇരുപതു ലക്ഷം അഡ്വാന്‍സ് ആയി നല്‍കി. സര്‍ക്കാരില്‍നിന്നു കിട്ടിയതില്‍ ബാക്കിയുള്ള പണത്തില്‍ 42.5 ലക്ഷം സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചു, ശേഷിച്ചതു ഭാര്യയുടെ പേരിലും.

ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഇവരുടെ ഇളയ മകന്‍ ഹര്‍ഷവര്‍ധന്‍ റെഡ്ഡി അച്ഛന്റെയും അമ്മയുടെയും അക്കൗണ്ടിലെ പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു. ഭൂമി വാങ്ങുന്നയാളുടെ അക്കൗണ്ടിലേക്ക് താന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം എന്നു പറഞ്ഞായിരുന്നു ഇത്. അച്ഛനോടും അമ്മയോടും ഹര്‍ഷവര്‍ധന്‍ ഇതു തന്നെ പറഞ്ഞു. 

ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായ ഹര്‍ഷവര്‍ധന്‍ പണം മുഴുവന്‍ ഗെയിമുകളില്‍ ചെലവഴിക്കുകയായിരുന്നു. ഇതിനു പുറമേ ഏഴു ലക്ഷം കടംവാങ്ങിയും ഇയാള്‍ ഗെയിം കളിച്ചു. വിവരമറിഞ്ഞു തകര്‍ന്ന അവസ്ഥയിലാണ് കുടുംബം.

പണം തിരിച്ചുകിട്ടുന്നതായി പൊലീസിലെ സൈബര്‍ ക്രൈം സെല്ലിനെ സമീപിച്ചിരിക്കുകയാണ് ശ്രീനിവാസ റെഡ്ഡി. ഓണ്‍ലൈന്‍ ഗെയിമിലൂടെ നഷ്ടമായ പണം എങ്ങനെ തിരിച്ചുകിട്ടും എന്നതില്‍ ആര്‍ക്കും ഉറപ്പൊന്നുമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com