ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സംഭവമുണ്ടായത്. ലഖിംപുർ ഖേരിയിൽ പ്രതിഷേധിച്ച കർഷകർക്കിടയിലേക്കു കാറുകൾ ഇടിച്ചു കയറിയതിനെ തുടർന്ന് നാല് പേരും ഈ കാറുകൾ കത്തിച്ചതിനെ തുടർന്ന് നാല് പേരും കൊല്ലപ്പെട്ടിരുന്നു.
അജയ് മിശ്രയുടെയും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദർശനത്തിനെതിരെ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. കേശവ് പ്രസാദ് മൗര്യയും അജയ്കുമാർ മിശ്രയും പങ്കെടുക്കുന്ന പരിപാടി ലഖിംപുരിലെ ബൻവീറിൽ നിശ്ചയിച്ചിരുന്നു.
പരിപാടിയിൽ പങ്കെടുക്കാനായി ഇരുവരും ലഖിംപുരിലെ മഹാരാജ അഗ്രസൻ സ്പോർട്സ് ഗ്രൗണ്ട് ഹെലിപാഡിൽ ഇറങ്ങുന്നുവെന്ന് അറിഞ്ഞ കർഷകർ, ഹെലിപാഡ് ഉപരോധിക്കാനായി കരിങ്കൊടിയേന്തി അവിടെയെത്തി. അതിനിടെയാണ് സംഘർഷമുണ്ടായത്. കർഷക നിയമങ്ങൾക്കെതിരായ സമരം ഒരു വർഷം കഴിഞ്ഞിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates