പിഴവ് പറ്റിയാല്‍ യുപി കേരളമോ കശ്മീരോ ആയി മാറും; വിദ്വേഷ പരാമര്‍ശവുമായി യോഗി

പിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് യോഗിയുടെ വിവാദ പ്രസ്താവന
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍ ചിത്രം

ലഖ്‌നൗ: വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് യോഗിയുടെ വിവാദ പ്രസ്താവന.

ഭയരഹിതമായി ജീവിക്കാന്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് ബിജെപിയാണ് യോഗിയുടെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനത്ത് പല അദ്ഭുതങ്ങളും നടന്നുവെന്നും എന്തെങ്കിലും പിഴവ് നിങ്ങള്‍ക്കു സംഭവിച്ചാല്‍ ഈ അഞ്ചു വര്‍ഷത്തെ പ്രയത്നവും വൃഥാവിലാകുമെന്നും യോഗി പറഞ്ഞു. 

'എന്റെ അഞ്ചു വര്‍ഷത്തെ പരിശ്രമത്തിനുള്ള അനുഗ്രഹമാകും നിങ്ങളുടെ വോട്ട്. തീരുമാനമെടുക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ യുപി, കശ്മീരോ കേരളമോ ബംഗാളോ പോലെ ആയി മാറും. ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ പ്രതിബദ്ധതയോടെയും ആത്മാര്‍ഥതയോടെയുമാണ് പ്രവര്‍ത്തിച്ചത്. നിങ്ങള്‍ക്കത് കാണാനും അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്' യോഗി പറഞ്ഞു. 

കര്‍ഷക പ്രക്ഷോഭം ഇളക്കി മറിച്ച പടിഞ്ഞാറന്‍ യുപി; ഇന്ന് പോളിങ് ബൂത്തില്‍ 

പടിഞ്ഞാറന്‍ യുപിയിലെ 50 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. അതിശക്തമായ കര്‍ഷക പ്രക്ഷോഭം നടന്ന മേഖലയാണിത്. 
ഒന്നാം ഘട്ടത്തില്‍ 623 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. ഒമ്പത് മന്ത്രിമാരും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട് കോടി 27ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കര്‍ഷക സമരത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യുപിയിലെ ജനവികാരം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എസ്പി- ആര്‍എല്‍ഡി സഖ്യത്തിനുള്ളത്.  
ജാട്ട് സമുദായം വെല്ലുവിളി

ജാട്ട് സമുദായത്തിന് സ്വാധീനമുള്ള പ്രദേശത്ത് ജയമുറപ്പിക്കുകയെന്നത് ബിജെപിക്ക് വെല്ലുവിളിയാണ്. ഈ വിഭാഗത്തില്‍ നിന്ന് ബിജെപി പതിനേഴ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ സമാജ്‌വാദി പാര്‍ട്ടി - ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കി.

ബിജെപിയെ മുട്ടുകുത്തിക്കുമെന്ന് പ്രഖ്യാപിച്ചാണ് കര്‍ഷക സംഘടനകള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കര്‍ഷകസമരത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ച ആര്‍എല്‍ഡി നിലവില്‍ സമാജ്‌വാദി സഖ്യത്തിനൊപ്പമാണ്. യുപിയില്‍ വലിയ പ്രതീക്ഷ നല്‍കുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. അമേത്തിയില്‍ ഒരു ദിവസം പ്രചാരണം നടത്തിയതൊഴിച്ചാല്‍ രാഹുല്‍ ഗാന്ധിയെ ഉത്തര്‍ പ്രദേശിലേക്ക് എത്തിയിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com