'ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും'- അസദുദ്ദീന്‍ ഒവൈസി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2022 01:04 PM  |  

Last Updated: 13th February 2022 01:04 PM  |   A+A-   |  

101 goats sacrificed businessman to pray for Owaisi

ഒവൈസി, ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി. തന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വച്ചോളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയില്‍ ഹിജാബ് വിവാദം പുകയുന്നതിനിടെയാണ് ഒവൈസിയുടെ പ്രതികരണം.

'ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ കോളജില്‍ പോകും. ജില്ലാ കലക്ടറും മജിസ്ട്രേറ്റും ഡോക്ടറും ബിസിനസുകാരിയും ആകും. ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയുമാകും. അത് കാണാന്‍ ഒരു പക്ഷേ ഞാന്‍ ജീവനോടെ ഉണ്ടാകില്ല. എന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂ'- ഒവൈസി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

'നമ്മുടെ പെണ്‍മക്കള്‍ക്ക് ഹിജാബ് ധരിക്കണമെന്ന് പറഞ്ഞാല്‍ രക്ഷകര്‍ത്താക്കള്‍ അതിന് പിന്തുണ നല്‍കും. നമുക്ക് നോക്കാം ആര്‍ക്കാണ് അവരെ തടയാന്‍ കഴിയുക' - ഒവൈസി വ്യക്തമാക്കി. 

കര്‍ണാടക ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പിയു കോളജിലും കുന്ദാപുരയിലെ മറ്റൊരു കോളജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ സംസ്ഥാനത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാനങ്ങളിലേക്കും പ്രതിഷേധങ്ങള്‍ പടര്‍ന്നു.