മാതാപിതാക്കള്‍ കോളജില്‍ പോകാന്‍ നിര്‍ബന്ധിച്ചു, ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കി, 16കാരി ജീവനൊടുക്കി

ആന്ധ്രാപ്രദേശില്‍ 16 വയസ്സുളള വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ 16 വയസ്സുളള വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ശ്രീകാകുളത്തെ രാജീവ് ഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി മനീഷ അഞ്ജുവാണ് മരിച്ചത്. മാതാപിതാക്കള്‍ ഓഫ്‌ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മനീഷ. ഈ അധ്യയനവര്‍ഷത്തിന്റെ തുടക്കംമുതല്‍ ഓണ്‍ലൈന്‍ ക്ലാസ് വഴിയായിരുന്നു പഠനം. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഓഫ്‌ലൈന്‍ ക്ലാസോ ഓണ്‍ലൈന്‍ ക്ലാസോ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ നല്‍കിയിരുന്നു. 

ഓണ്‍ലൈന്‍ ക്ലാസ് തുടരാനായിരുന്നു മനീഷയുടെ ആഗ്രഹം. എന്നാല്‍ വീട്ടുകാര്‍ കോളജില്‍ നേരിട്ട് പോയി പഠിക്കാന്‍ നിര്‍ബന്ധിച്ചു. ഇതിന്റെ തുടര്‍ച്ചയായി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ സര്‍വകലാശാല ഹോസ്റ്റലില്‍ കൊണ്ടുചെന്നാക്കി. 

ഇതിന്റെ ദേഷ്യത്തില്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞു നശിപ്പിച്ചു. അടുത്തദിവസം മാതാപിതാക്കള്‍  പുതിയ ഫോണ്‍ വാങ്ങി നല്‍കി. ബുധനാഴ്ച മനീഷയുടെ ഹോസ്റ്റല്‍ മുറി അടഞ്ഞുകിടക്കുന്നത് കണ്ട് മറ്റു സഹപാഠികള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്തുകയറി നോക്കുമ്പോള്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com