കുളിമുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ശ്വസിച്ചു; ഒരാള്‍ മരിച്ചു

വാതില്‍ തകര്‍ത്ത്  അകത്ത് കയറയിപ്പോള്‍ സത്‌ദേവിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുരുഗ്രാം:ഹോട്ടലിലെ കുളിമുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ശ്വസിച്ച് ഒരാള്‍ മരിച്ചു. സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരെയും മാനേജര്‍ക്കെതിരെയും കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡില്‍ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തില്‍ ഒരാളായ സത്‌ദേവ് ആണ് മരിച്ചത്. സുഹൃത്തിന്റെ മരണത്തിന് ഹോട്ടല്‍ അധികൃതരാണ് കാരണക്കാരെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുഹൃത്ത് പങ്കജ്  കുമാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു

ഫെബ്രുവരി 14ന് ഡെറാഢൂണില്‍ എത്തിയ രാജസ്ഥാന്‍ സ്വദേശികളായ സുഹൃത്തുക്കള്‍ മുസൂറി, രുദ്രപ്രയാഗ്, സോനപ്രയാഗ്, റിഷികേശ്, ഹരിദ്വാര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് ഫെബ്രുവരി 19നാണ് ഗുരുഗ്രാമിലെ ഹോട്ടലില്‍ തിരിച്ചെത്തിയത്. പങ്കജും രണ്ടും സുഹൃത്തുക്കളും കൂടി ഹോട്ടലില്‍ ഒരു മുറി ബുക്ക് ചെയ്തിരുന്നു. മുറിയിലെത്തിയതിന് പിന്നാലെ കുളിമുറിയില്‍ പോയ സത്‌ദേവ് 25 മിനിറ്റ് കഴിഞ്ഞിട്ടും വരാത്തതിനെ തുടര്‍ന്ന് വിളിച്ച് നോക്കിയപ്പോള്‍ ഒരു മറുപടിയും ലഭിച്ചില്ല. തുടര്‍ന്ന് പങ്കജ് ഹോട്ടല്‍ മാനേജരെ ബന്ധപ്പെട്ടു. 

വാതില്‍ തകര്‍ത്ത്  അകത്ത് കയറയിപ്പോള്‍ സത്‌ദേവിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഗ്യാസ് ശ്വസിച്ചാണ് സുഹൃത്ത് മരിച്ചതെന്നാണ് പങ്കജ് പറയുന്നത്. ഹോട്ടല്‍ മാനേജരുടെയും ഉടമയുടെയും അശ്രദ്ധ മൂലമാണ് മരണം സംഭവിച്ചത്, അവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും പങ്കജ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഹോട്ടല്‍ ഉടമയ്ക്കും മാനേജര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com