ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു: ശിവമോഗയില്‍ സംഘര്‍ഷം, നിരോധനാജ്ഞ; പിന്നില്‍ മുസ്ലിം ഗുണ്ടകളെന്ന് ബിജെപി മന്ത്രി

മുന്‍ കരുതല്‍ എന്ന നിലയിക്ക് ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്നും നാളെയും അവധി നല്‍കിയതായും മന്ത്രി ജ്ഞാനേന്ദ്ര പറഞ്ഞു
കൊല്ലപ്പെട്ട ഹർഷ, പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി കൊണ്ടു വരുന്നു/ എഎൻഐ
കൊല്ലപ്പെട്ട ഹർഷ, പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി കൊണ്ടു വരുന്നു/ എഎൻഐ

ബംഗലൂരു: ബജ് രംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് കര്‍ണാടകയിലെ ശിവമോഗയില്‍ സംഘര്‍ഷം. ഇതേത്തുടര്‍ന്ന് വന്‍ പൊലീസ് സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ഭാരതി കോളനി രവിമര്‍മ്മ സ്ട്രീറ്റിലെ ഹര്‍ഷ (23 വയസ്സ്) എന്ന ബജ് രംഗ് ദള്‍ പ്രവര്‍ത്തകനാണ് ഇന്നലെ രാത്രി അതിക്രൂരമായി കൊല്ലപ്പെട്ടത്. 

കാറിലെത്തിയ അക്രമിസംഘം ഹര്‍ഷയെ പിന്തുടര്‍ന്ന് ആക്രമിക്കുകയും, വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹര്‍ഷയെ ഉടന്‍ തന്നെ മെഗാന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. 

തയ്യല്‍ ജോലിക്കാരനായ ഹര്‍ഷ, ബജ് രംഗ് ദളിന്റെ ജില്ലാ പ്രഖണ്ഡ സഹകാര്യദര്‍ശി ( കോര്‍ഡിനേറ്റര്‍) ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബജ് രംഗ് ദള്‍, വിഎച്ച്പി എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു. ഗണേശോത്സവവുമായി ബന്ധപ്പെട്ട് മേഖലയില്‍ സംഘര്‍ഷമുണ്ടായിരുന്നു. 

മുമ്പ് ഹര്‍ഷ മറ്റൊരു മതത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഈ സംഭവത്തില്‍ ഹര്‍ഷയ്‌ക്കെതിരെ ദൊഡ്ഡാപേട്ട് പൊലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ യുവാവിന് നിരവധി വധഭീഷണികളും ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ജില്ലയില്‍ നിരോധനാജ്ഞ

ഹര്‍ഷയുടെ മരണത്തിന് പിന്നാലെ, കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് നിരവധി ഹിന്ദു പ്രവര്‍ത്തകരാണ് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശിവമോഗയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

ബജ് രാംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ നാലഞ്ച് യുവാക്കള്‍ അടങ്ങിയ സംഘമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ എതെങ്കിലും പ്രസ്ഥാനത്തിന് പങ്കുണ്ടോയെന്ന് അറിവായിട്ടില്ല. ജില്ലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. മുന്‍ കരുതല്‍ എന്ന നിലയിക്ക് ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്നും നാളെയും അവധി നല്‍കിയതായും മന്ത്രി ജ്ഞാനേന്ദ്ര പറഞ്ഞു. 

കുറ്റവാളികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായും മന്ത്രി ജ്ഞാനേന്ദ്ര അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി ബസവരാജ ബൊമ്മെയും വ്യക്തമാക്കി. അക്രമത്തെ അപലപിക്കുന്നുവെന്നും കുറ്റവാളികളെ തൂക്കിലേറ്റണമെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സംഭവസ്ഥലം സന്ദര്‍ശിക്കണം. ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. 

ബിജെപിയിൽ ഭിന്നത

കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് ശിവമോഗ എംപി സുമലത ആവശ്യപ്പെട്ടു. ഹിജാബ് വിഷയത്തിന് സംഭവവുമായി ബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. അതേസമയം രണ്ടു വിഷയവും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി ട്വീറ്റ് ചെയ്തു. കൊലപാതകത്തിന് പിന്നില്‍ മുസ്ലിം ഗുണ്ടകളാണെന്ന മന്ത്രി ഈശ്വരപ്പയുടെ പ്രസ്താവനയും വിവാദമായിട്ടുണ്ട്.  

കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ പ്രകോപനപരമായ പ്രസ്താവനകളാണ് ബജ്‌ രം​ഗ് ദൾ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണം. ദേശീയപതാകയ്ക്ക് പകരം കാവി പതാക സ്ഥാപിച്ചെന്നും ഹിജാബ് വിരുദ്ധ സമരത്തിനായി 50 ലക്ഷം കാവി ഷാളുകള്‍ ഗുജറാത്തിലെ ഫാക്ടറിയില്‍നിന്ന് ഓര്‍ഡര്‍ ചെയ്തെന്നും ഡി കെ ശിവകുമാര്‍ അടുത്തിടെ അഭിപ്രായപ്പെട്ടിരിക്കുന്നു. അദ്ദേഹം ഈ പ്രസ്താവന നടത്തിയതിന് ശേഷം ഗുണ്ടായിസം വളര്‍ന്നിരിക്കുകയാണ്. ഇത്തരം ഗുണ്ടായിസം തുടരാന്‍ അനുവദിക്കില്ലെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com