ആശ്വാസം; യുക്രൈനിൽ നിന്ന് രണ്ടാം വിമാനം ഡൽഹിയിലെത്തി; സംഘത്തിൽ 29 മലയാളികൾ

ആശ്വാസം; യുക്രൈനിൽ നിന്ന് രണ്ടാം വിമാനം ഡൽഹിയിലെത്തി; സംഘത്തിൽ 29 മലയാളികൾ
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ന്യൂഡൽഹി: യുക്രൈൻ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലർച്ചെ 2.45 ഓടെ ഡൽഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നാണ് 250 ഇന്ത്യക്കാരുമായി വിമാനം എത്തിയത്. സംഘത്തിൽ 29 മലയാളികളുണ്ട്. 

കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ചേർന്ന് രണ്ടാം വിമാനത്തിൽ എത്തിയവരെ സ്വീകരിച്ചു. യുക്രൈൻ രക്ഷാ ദൗത്യത്തിന് ഓപ്പറേഷൻ ഗംഗ എന്നാണ് കേന്ദ്ര സർക്കാർ പേരിട്ടിരിക്കുന്നത്.

യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. ഇതിൽ 27 മലയാളികൾ ഉൾപ്പടെ 219 പേരാണ് ഉണ്ടായിരുന്നത്. രണ്ട് വിമാനങ്ങളിലായി ഇതുവരെ 469 പേരെ നാട്ടിലെത്തിച്ചു. ഇതിൽ 56 പേർ മലയാളികളാണ്.

തിരിച്ചെത്തുന്ന മലയാളികൾക്ക്‌ ഡൽഹിയിലും മുംബൈയിലും നോർക്ക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവരെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള എയർ ഇന്ത്യയുടെ മൂന്നാം വിമാനം ഇന്ന് തന്നെ ഡൽഹിയിലെത്തും. ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്നാണ് ഇന്ത്യക്കാരുമായുള്ള അടുത്ത വിമാനം എത്തുക.

യുദ്ധത്തെ തുടർന്ന് യുക്രൈൻ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ അയൽ രാജ്യങ്ങളായ റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നും ഹം​ഗറിയിലെ ബുഡാപെസ്റ്റിൽ നിന്നുമാണ് ഇന്ത്യക്കാരെ കൊണ്ടുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com