ഇന്ത്യയില്‍ കോവിഡിന്റെ മൂന്നാം തരംഗം; വന്‍ നഗരങ്ങളിലെ കേസുകളില്‍ 75ശതമാനവും ഒമൈക്രോണ്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 10:19 PM  |  

Last Updated: 03rd January 2022 10:19 PM  |   A+A-   |  

omicron cases in india

മുംബൈയിലെ തിരക്കേറിയ നഗരവീഥി, ഫയല്‍

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണ് ദൃശ്യമാകുന്നതെന്ന് വിദഗ്ധര്‍. വന്‍നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വലിയൊരു പങ്ക് ഒമൈക്രോണ്‍ വകഭേദം മൂലമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി 

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 75 ശതമാനവും ഒമൈക്രോണ്‍ വകഭേദം മൂലമാണെന്ന്് കോവിഡ് വാക്സിന്‍ ദൗത്യസംഘം തലവന്‍ ഡോ. എന്‍ കെ അറോറ വ്യക്തമാക്കി.നേരത്തെ ദേശീയതലത്തില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12 ശതമാനമായിരുന്നു ഒമൈക്രോണ്‍ വകഭേദമെങ്കില്‍ കഴിഞ്ഞ ആഴ്ച ആയപ്പോഴേക്കും അത് 28 ശതമാനമായി ഉയര്‍ന്നു.  ഒമൈക്രോണ്‍ രോഗബാധയുടെ നിരക്ക് ദേശീയ തലത്തില്‍ വീണ്ടും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അറോറ വ്യക്തമാക്കി.

ഇന്ത്യയില്‍ മൂന്നാം തരംഗം എത്തിക്കഴിഞ്ഞു. ഓരോ തരംഗവും സൃഷ്ടിക്കുന്നത് പുതിയ വകഭേദങ്ങളാണ്. ഇത്തവണ അത് ഒമൈക്രോണ്‍ ആണ്. കഴിഞ്ഞ നാലഞ്ച് ദിവസത്തെ കണക്കുകള്‍ എടുത്താല്‍ രാജ്യത്ത് കേസുകള്‍ കുതിച്ചുയരുകയാണെന്ന് വ്യക്തമാകുമെന്നും അറോറ ചൂണ്ടിക്കാട്ടി.